തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ഡോക്ടർമാരാണ് പ്രതിഷേധിക്കുന്നത്. കാഷ്വൽറ്റി, ഐസിയു, ലേബർ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്ടർമാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.
|
അതേസമയം സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് ചർച്ച നടത്തും. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കു വിളിച്ചത്. യോഗത്തിൽ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കുമെന്നാണ് കെജിഎംഒഎയുടെ പ്രഖ്യാപനം. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡോക്ടർമാരുടെ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.
അതേസമയം, ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി, മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.
ഇന്നലെ പുലർച്ചെ നാലരയോടെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവം. പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്‌കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.





