21
Apr 2023
Sat
21 Apr 2023 Sat

ലണ്ടൻ: ഇടവേളക്ക് ശേഷം ഇന്ന് പുനരാംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആധികാരികമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സിറ്റിക്കായി ജൂലിയൻ അൽവാരെസ്, കെവിൻ ഡി ബ്രൂയ്‌നെ, ഇക്കായ് ഗുൻഡോഗൻ, ജാക്ക് ഗ്രീലിഷ് എന്നിവർ ഗോൾ നേടി. മുഹമ്മദ് സാലാഹാണ് ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം ആഞ്ചായി കുറക്കാനും സിറ്റിക്കായി. 28 മത്സരങ്ങളിൽ നിന്ന് ആഴ്‌സണലിന് 69 പോയിന്റും ഇത്രയും മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 64 പോയിന്റും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീസണിലെ ഒൻപതാം തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ ലീഗിൽ ആറാം സ്ഥാനത്താണ്. പ്രീമിയർ ലീഗിലെ ടോപ് സ്‌കോററും ഗോളടിയന്ത്രവുമായ ഏർലിങ് ഹാലണ്ട് ഇല്ലാതെയാണ് സിറ്റി കളത്തിൽ ഇറങ്ങിയത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സിറ്റിയുടെ തകർപ്പൻ ജയം. ആദ്യ പകുതിയിൽ തന്നെ ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചാണ് സിറ്റി ഇടവേളയ്ക്ക് പോയത്. പിന്നാലെ തിരിച്ചെത്തി മൂന്ന് ഗോളുകൾ കൂടി വലയിലിട്ട് സിറ്റി ലിവർപൂളിനെ തകർത്തു വിട്ടു. ജൂലിയൻ അൽവാരസ്, കെവിൻ ഡിബ്രുയ്ൻ, ഇൽകെ ഗണ്ടോഗൻ, ജാക്ക് ഗ്രീലിഷ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

കളി തുടങ്ങി 17ാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. ദ്യോഗോ ജോട്ടയുടെ മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ഓഫ്‌സൈഡ് ട്രാഫ് ഒഴിഞ്ഞ് ജോട്ട പെനാൽറ്റി ബോക്‌സിലേക്ക് കടന്ന് അവിടെ നിന്ന് സലയ്ക്ക് പന്ത് മറിക്കുകയായിരുന്നു. ഈജിപ്ഷ്യൻ താരം പന്ത് അനായാസം വലയിലിട്ടു. തുടക്കത്തിൽ ഗോൾ വഴങ്ങിയെങ്കിലും കളിയിലെ ആധിപത്യം തകരാതെ നോക്കിയ സിറ്റി പത്ത് മിനിറ്റിനുള്ളിൽ സമനില പിടിച്ചു.

വലതു വിങ്ങിൽ നിന്നുള്ള ആക്രമണമാണ് സമനില ഗോളിലേക്ക് നയിച്ചത്. ഗ്രീലിഷിന്റെ പാസിൽ നിന്ന് ജൂലിയൻ അൽവാരസാണ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതി തുടങ്ങിയതും സിറ്റി ആക്രമണം വീണ്ടും ആരംഭിച്ചു. അതിന്റെ ഫലം ഉടൻ കിട്ടുകയും ചെയ്തു. മഹ്‌രസിന്റെ പാസിൽ നിന്ന് ഡിബ്രുയ്ൻ രണ്ടാം ഗോളിലൂടെ ടീമിനെ മുന്നിൽ കടത്തി.

ഏഴ് മിനിറ്റുകൾക്കുള്ളിൽ അടുത്ത ഗോളും സിറ്റി വലയിലിട്ടു. ഇത്തവണ ഊഴം ഗുണ്ടോഗനായിരുന്നു. അൽവാരസിന്റെ ഗോൾ ശ്രമം തടഞ്ഞതിന് പിന്നാലെ റീബൗണ്ട് വന്ന പന്ത് ഗുണ്ടോഗൻ വലയിലേക്കിട്ടു.

ഒടുവിൽ 74ാം മിനിറ്റിൽ ഗ്രീലിഷിലൂടെ സിറ്റി പട്ടിക പൂർത്തിയാക്കി. ഡിബ്രുയ്‌നും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിലാണ് ഗോളിന്റെ പിറവി.

അതേസമയം, ടീം പരാജയപ്പെട്ടെങ്കിലും ഇന്നത്തെ ഗോളോടെ ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾവേട്ടക്കാരൻ എന്ന ബഹുമതിക്ക് സലാഹ് അർഹനായി. നേരത്തെ ഇംഗ്ലീഷ് താരം മൈക്കൽ ഓവന്റെ പേരിലായിരുന്നു ഇത്. 55 ഗോളുകളാണ് ഓവൻ ലിവർപൂളിനായി നേടിയത്. സലാഹ് ആകട്ടെ ഇന്നത്തോടെ 56 ഗോളാണ് ക്ലബ്ബിന് വേണ്ടി അടിച്ചുകൂട്ടിയത്.