ന്യൂദല്‍ഹി: മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ ഇതാദ്യമായി ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.(Mob attack with BJP support: Rahul Gandhi) ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആള്‍ക്കൂട്ട ആക്രമണം നടക്കുന്നതെന്നും വിദ്വേഷം രാഷ്ട്രീയായുധമാക്കി അധികാരത്തിന്റെ പടവുകള്‍ കയറിയവര്‍ തുടര്‍ച്ചയായി രാജ്യത്തുടനീളം ഭീതി പടര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
|
ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലിംകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
ബി.ജെ.പി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മറഞ്ഞിരിക്കുന്ന വിദ്വേഷ രാഷ്ട്രീയ പ്രചാരകര്‍ ജനക്കൂട്ടത്തിന്റെ രൂപത്തില്‍ പരസ്യമായി അക്രമം നടത്തുകയാണെന്ന് രാഹുല്‍ പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ALSO READ: ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകള്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; ന്യായീകരിച്ച് മുഖ്യമന്ത്രി
ഈ കുബുദ്ധികള്‍ക്ക് ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമായ കൈത്താങ്ങ് കിട്ടുന്നതാണ് ഇതിനെല്ലാം കാരണമാകുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുമ്പോഴും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള അരാജക ശക്തികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിച്ച് നിയമ വാഴ്ച്ച പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ഏതൊരു ആക്രമണവും ഭരണഘടനക്കെതിരായ ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു.
വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും. ഈ പോരാട്ടത്തെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാലും നടക്കില്ലെന്നും തോറ്റുകൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പശുവിറച്ചി കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ന്യായീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊന്നത്.
യുവാവ് കൊല്ലപ്പെട്ട സംഭവത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് ഹരിനായ മുഖ്യമന്ത്രി പറഞ്ഞത്. ”ആള്‍ക്കൂട്ട ആക്രമണം എന്ന് വിളിക്കുന്നത് ശരിയല്ല. പശു സംരക്ഷണത്തിന് നിയമസഭയില്‍ കടുത്ത നിയമം പാസാക്കിയിട്ടുണ്ട്. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല’- മുഖ്യമന്ത്രി പറഞ്ഞു.
”ഗ്രാമീണര്‍ക്ക് പശുവിനോട് വലിയ ബഹുമാനമാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആര്‍ക്കാണ് അവരെ തടയാനാവുക? ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്”- മുഖ്യമന്ത്രി ന്യായീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഷേക്, മോഹിത്, രവീന്ദര്‍, കമല്‍ജിത്ത്, സാഹില്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഈ സംഭവത്തെ നിസാരവത്കരിച്ചുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.





