ന്യൂഡല്‍ഹി: മോചനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യമന്ത്രാലയം ആണ് തള്ളിയത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്നതുള്‍പ്പെടെയുള്ള നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
|
യമന്‍ തലസ്ഥാനമായ സന്‍ആയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണ്, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ട് എന്നീ കാര്യങ്ങളാണ് പ്രധാനമായും തള്ളാനായി കേന്ദ്രം ചൂണ്ടിക്കാട്ടിയത്.
നിമിഷപ്രിയയുടെ കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രാനുമതി തേടിയത്. അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ച നിര്‍ദേശം. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രിംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷയ്ക്കാണ് അനുമതി നിഷേധിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇന്നലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ നിരസിച്ചത്. കേസില്‍ ഒരു പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Modi government denies permission to Nimishapriya Action Council to travel to Yemen


