29
Jun 2024
Fri
29 Jun 2024 Fri

ന്യൂഡല്‍ഹി: തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ ജെ.ഡി.യുവും ടി.ഡി.പിയും. തര്‍ക്കത്തിനിടെ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം. നരേന്ദ്രമോദിയെ എന്‍ഡിഎ നേതാവായി യോഗം തെരഞ്ഞെടുത്തേക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗത്തിന് ശേഷം മോദിയെ നേതാവായി തെരഞ്ഞെടുത്തുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അയല്‍ രാജ്യങ്ങളിലെ നേതാക്കളെ നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ( പ്രചണ്ഡ) എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പായി തര്‍ക്കം പരിഹരിക്കാനാണ് നീക്കം.

അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഡല്‍ഹിയില്‍ സഖ്യകക്ഷികളും ബിജെപിയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. എന്‍.ഡി.എയിലെ പ്രധാനഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും വലിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. വാണിജ്യം, റയില്‍വേ പോലുള്ള സുപ്രധാന വകുപ്പുകള്‍, ബിഹാറിന് പ്രത്യേക പദവി, അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കുക, രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജെ.ഡി.യു ഉന്നയിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ക്കൊപ്പം ലോക്‌സഭാ സ്പീക്കര്‍ പദവി തുടങ്ങിയവയാണ് തെലുഗുദേശം പാര്‍ട്ടിയുടെ ആവശ്യം.

മൃഗീയഭൂരിപക്ഷത്തില്‍ വിജയിച്ച കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഘടകക്ഷികളെ മോദി ഒട്ടും പരിഗണിച്ചിരുന്നില്ല. ഇത്തവണയും സുപ്രധാന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്കു വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ തന്നെ കൈവശം വയ്ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. എന്നാല്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇത്തവണ സഖ്യകക്ഷികളുടെ ചില ആവശ്യങ്ങള്‍ ബി.ജെ.പിക്ക് അംഗീകരിക്കേണ്ടി വന്നേക്കും. ആദ്യമായാണ് മോദിയോടും അമിത്ഷായോടും ഘടകകക്ഷികള്‍ വിലപേശല്‍ നടത്തുന്നത്.

Modi’s allies want funds, cabinet jobs as India coalition talks begin