20
Dec 2024
Tue
20 Dec 2024 Tue
rafi at 100

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലിയാ പാട്ടുകാരന്‍, മുഹമ്മദ് റഫി. (Mohammed Rafi at 100)  ദേവാനന്ദും, ഷമ്മി കപൂറും, ഗുരു ദത്തും, ധര്‍മേന്ദ്രയും, അമിതാഭ് ഭച്ചനും, ഋഷി കപൂറും തുടങ്ങി എണ്ണമറ്റ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഹിറ്റ് ഗാനങ്ങളുടെ തോരാമഴയൊരുക്കിയ അനശ്വര ശബ്ദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് റഫി ( December 24, 1924 – July 31, 1980).
ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു-ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. ദേശീയ അവാര്‍ഡും ആറുതവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

1967ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ സംഗീത സപര്യ 35 വര്‍ഷം നിണ്ടു നിന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അതിപ്രശസ്തമാണ് ഇദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. റഫിയുടെ ശബ്ദത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് ദിവ്യശബ്ദം എന്നത്രേ! മുകേഷ്, കിഷോര്‍ കുമാര്‍ എന്നീ ഗായകര്‍ക്കൊപ്പം 1950 മുതല്‍ 1970 വരെ ഉര്‍ദു-ഹിന്ദി ചലച്ചിത്രപിന്നണി ഗായകരിലെ മുടിചൂടാമന്നരില്‍ ഒരാളായിരുന്നു.

ആദ്യകാല ജീവിതം

MOHAMMED RAFI BOLLYWOOD SINGER

ഇപ്പോള്‍ പാകിസ്താനില്‍ പെടുന്ന അമൃതസറിനടുത്ത് കോട്ല സുല്‍ത്താന്‍ സിംഗ് എന്ന സ്ഥലത്താണ് റഫിയുടെ ജനനം. ജന്മിയായ ഹാജി അലി മുഹമ്മദ് ആണ് പിതാവ്. മാതാവ് അല്ലാ രാഹ. മുഹമ്മദ് ശാഫി, ദീന്‍, ഇസ്മായില്‍, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരന്‍മാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു.

റഫി എന്ന പേരിനര്‍ത്ഥം പദവികള്‍ ഉയര്‍ത്തുന്നവന്‍ എന്നാണ്, ഇസ്ലാമില്‍ ദൈവത്തിന്റെ വിശേഷണങ്ങളിലൊന്നാണിത്. നാട്ടില്‍ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്കാകര്‍ഷിച്ചത്.

ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീര്‍മാരെ അനുകരിച്ചു പാടുമായിരുന്നു. 1935-36 കാലത്ത് റഫിയുടെ അച്ഛന്‍ ലാഹോറിലേക്ക് സ്ഥലം മാറിയപ്പോള്‍ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാര്‍ത്തു.

റഫിയുടെ കുടുംബം ലാഹോറിലെ നൂര്‍ മൊഹല്ല എന്ന സ്ഥലത്ത് ഒരു മുടിവെട്ടുകേന്ദ്രം നടത്തിയിരുന്നു അക്കാലത്ത് റഫിയുടെ മൂത്തസഹോദരീ ഭര്‍ത്താവ് സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത് ജീവന്‍ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരില്‍ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

ഒരിക്കല്‍ റഫിയും റഫിയുടെ സഹോദരീ ഭര്‍ത്താവ് ഹമീദും കെ.എല്‍. സൈഗാളിന്റെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയതായിരുന്നു. വൈദ്യുതി തകരാറു കാരണം പരിപാടി അവതരിപ്പിക്കാന്‍ സൈഗാള്‍ തയ്യാറായില്ല.

അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാന്‍ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവര്‍ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു.

റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകന്‍ ശ്യാം സുന്ദര്‍ റഫിയെ ഗായിക സീനത്ത് ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ഗുല്‍ ബാലോച്ച് (1942) (ഈ ചിത്രം ഇറങ്ങിയത് 1944-ല്‍ ആണ്) എന്ന പഞ്ചാബി ചിത്രത്തില്‍ പാടിച്ചു . ഈ സമയത്തു തന്നെ റഫിയെ ലാഹോര്‍ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി ക്ഷണിച്ചു

മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാല്‍ ഇന്ത്യയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല ഭാര്യ. അതിനാല്‍ റഫി ബാഷിയെ ഉപേക്ഷിച്ചു.രണ്ടാമത് ഇന്ത്യയില്‍ നിന്ന് ബില്‍ ഖിസിനെ വിവാഹം ചെയ്തു. മൂത്ത മകന്‍ ഷഹീദ് ആദ്യ ഭാര്യയിലുള്ളതാണ്. ഖാലിദ്, ഹമീദ്, സാഹദ് എന്നീ ആണ്‍മക്കളും പര്‍വീണ്‍, യാശ്മിന്‍, നസ്‌റിന്‍ എന്നീ പെണ്‍മക്കളും റഫി ക്കുണ്ട്.

ബോംബേയില്‍

MOHAMMED RAFI URDU SINGER

1944-ല്‍ റഫി ബോംബെയിലേക്ക് (മുംബൈ) മാറാന്‍ തീരുമാനിച്ചു. തന്‍വീര്‍ നഖ്വി റഫിയെ പ്രശസ്ത നിര്‍മ്മാതാക്കളായ അബ്ദുള്‍ റഷീദ് കര്‍ദാള്‍, മെഹബൂബ് ഖാന്‍, നടനും സംവിധായകനുമായ നസീര്‍ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു.

ഒരു ശുപാര്‍ശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകന്‍ നൗഷാദ് അലിയെ ചെന്നു കണ്ടു. ആദ്യകാലത്ത് നൗഷാദ് കോറസ് ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ല്‍ പുറത്തിറങ്ങിയ എ.ആര്‍.കര്‍ദാറുടെ പെഹ്ലേ ആപ് എന്ന ചിത്രത്തിലെ ശ്യാം സുന്ദര്‍, അലാവുദ്ദീന്‍ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാന്‍ കേ ഹം ഹേന്‍ എന്ന ഗാനമാണ്.

ഏതാണ്ട് ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോന്‍ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത് അജീ ദില്‍ ഹോ കാബൂ മേന്‍ എന്ന ചിത്രത്തിലും പാടി. ഇതാണ് റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്. 1945-ല്‍ റഫി തന്റെ ബന്ധുവായ, ‘മജ്ഹിന്‍’ എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.

1945-ല്‍ ലൈലാ മജ്‌നു എന്ന ചിത്രത്തിലെ തേര ജല്‍വ ജിസ് നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു. നൗഷാദുമൊത്ത് അനേകം ചിത്രങ്ങള്‍ക്ക് കോറസ് പാടിയിട്ടുണ്ട്. മേരേ സപ്നോം കീ റാണി, സൈഗാളിന്റെ കീഴില്‍ പാടിയ ഷാജഹാന്‍(1946) എന്ന ചിത്രത്തിലെ രൂഹി, രൂഹി തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം.

എന്നാല്‍ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ അന്മോള്‍ ഖാഡി(1946) എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക് എന്ന ഗാനത്തോടെയാണ്. നൂര്‍ ജഹാനുമൊത്തുള്ള 1947-ല്‍ പുറത്തിറങ്ങിയ ജുഗ്‌നു എന്ന ചിത്രത്തിലെ യഹാന്‍ ബാദ്ലാ വഫാ കാ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. ഹം കിസീ സെകം നഹി എന്ന സിനിമയില്‍ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ് കിട്ടി.

1948-ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് രാജേന്ദ്ര കൃഷന്‍ എഴുതിയ സുനോ സുനോ ആയേ ദുനിയാ വലാണ്‍ ബാപ്പുജി കീ അമര്‍ കഹാനി എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തില്‍ ജവഹര്‍ലാല്‍ നെഹ്റു റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു.

1948-ല്‍ സ്വാതന്ത്യദിനത്തില്‍ റഫിക്കു ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നും വെള്ളിമെഡല്‍ ലഭിച്ചു. 1949-ല്‍ റഫിക്കു നൗഷാദ് (ചാന്ദിനി രാത്,ദില്ലഗി ആന്റ് ദുലാരി), ശ്യാം സുന്ദര്‍(ബസാര്‍), ഹുസ്നാലാല്‍ ഭഗത്റാം(മീനാ ബസാര്‍) തുടങ്ങിയ സംഗീതസംവിധായകര്‍ ഒറ്റക്കു ഗാനങ്ങള്‍ നല്‍കിത്തുടങ്ങി.

മരണം ഹൃദയാഘാതം മൂലമായിരുന്നു.

പുരസ്‌കാരങ്ങള്‍
പത്മശ്രീ, 1967 1948-ല്‍ ഒന്നാം സ്വാതന്ത്ര്യവാര്‍ഷികദിനത്തില്‍ റഫിക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രൂവില്‍ നിന്നും വെള്ളിമെഡല്‍ലഭിച്ചു.