07
Aug 2025
Thu
07 Aug 2025 Thu
Mohammed Shami

ഉത്തര്‍പ്രദേശിലെ അംറോഹക്കാരനായ മുഹമ്മദ് ഷമി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കെത്തിയത് എന്തെങ്കിലും മാജിക്കിലൂടെയല്ല. യുപി ക്രിക്കറ്റില്‍ വലിയ പരാജയമേറ്റു വാങ്ങിയ ഷമി പിന്നീട് ബംഗാളില്‍ നിന്നാണ് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. 2023ലെ ഏക ദിന ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്(24 വിക്കറ്റ്) നേടിയ ഷമി 2025ലെ ചാംപ്യന്‍സ് ട്രോഫിയിലും ഏറ്റവും മികച്ച പ്രകടനം(9 വിക്കറ്റ്) കാഴ്ച്ച വച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹം പലപ്പോഴും ട്രോളന്മാരുടെ ആക്രമണത്തിനിരയാവാറുണ്ട്. 2021ലെ ട്വന്റി ലോക കപ്പില്‍ പാകിസ്താനെതിരേ തോറ്റപ്പോഴായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഭീകരമായ ആക്രമണം നേരിട്ടത്. ഒറ്റുകാരന്‍ എന്നും രാജ്യവിരുദ്ധനെന്നുമൊക്കെയുള്ള വിളികള്‍ വരെ ഷമി നേരിട്ടു.

ഈയിടെ നടന്ന അഭിമുഖത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം ഒരു ചോദ്യം നേരിട്ടു. മുസ്ലിം ക്രിക്കറ്റ് താരങ്ങള്‍ പാകിസ്താനെതിരേ കളിക്കുമ്പോള്‍ പ്രത്യേകമായി ആക്രമണത്തിനിരയാവുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അതിനു ഷമിയുടെ തുറന്നടിച്ചുള്ള ഉത്തരം ഇങ്ങിനെയായിരുന്നു.

ALSO READ: പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കേസെടുത്തു

”അത്തരം ട്രോളുകളെയൊന്നും ഞാന്‍ ഗൗനിക്കാറില്ല. എനിക്കൊരു ജോലി ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഞാനൊരു യന്ത്രമല്ല. വര്‍ഷം മുഴുവന്‍ കഠിനാധ്വാനം ചെയ്താലും ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. അതിനോട് എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത്, ജനങ്ങളാണ്”- ന്യൂസ്24ന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു.

”നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍, അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും മറക്കുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം വിക്കറ്റെടുക്കുക, കളി ജയിക്കുക എന്നതാണ് പ്രധാനം. അത്തരം സന്ദര്‍ഭങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പിന്നാലെ പോകാന്‍ എനിക്കാഗ്രഹമില്ല”

”വിജയിക്കാന്‍ വേണ്ടി ഞങ്ങള്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. ട്രോള്‍ ചെയ്യുന്നവര്‍ക്ക് വെറുതേ രണ്ട് വരി എഴുതി വിട്ടാല്‍ മതി. യഥാര്‍ത്ഥ ആരാധകര്‍ അത്തരം കാര്യങ്ങള്‍ ചെയ്യില്ല. നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ മാന്യമായി അക്കാര്യം ഉന്നയിക്കാം. എന്നേക്കാള്‍ നന്നായി ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഒന്ന് ശ്രമിച്ച് നോക്കൂ.. ആരാണ് തടസ്സം”- ഷമി ചോദിച്ചു.

English Summary
Mohammed Shami was bitterly attacked on social media after India lost to Pakistan at the 2021 T20 World Cup. Shami was asked whether Muslim cricketers get ‘targeted’ more-sometimes even more so when India play Pakistan. “I pay no heed to such trolling. When you play for your country, you forget all such things,” he said