കൊച്ചി: ഹേമ കമ്മിറ്റി ഉയർത്തിയ വിവാദങ്ങളെ തുടർന്ന് ഭാരവാഹികൾ രാജിവച്ചതോടെ അപ്രസക്തമായ താര സംഘടന ‘അമ്മ’യുടെ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍. നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരാൻ ആണ് നീക്കം. ഭരണസമിതി പിരിച്ച് വിട്ടത്തിനാൽ മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട് എന്നാണ് അമ്മയുടെ ബൈലോ. കൂടാതെ ഹേമ കമ്മിറ്റി ഉയർത്തിയ വിവാദങ്ങൾ സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു.
|
ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന. അമ്മയുടെ താത്ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ സ്ഥിരീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ AMMA ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. താത്ക്കാലിക സമിതി തുടരുമെന്നാണ് അന്ന് അംഗങ്ങള്‍ അറിയിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഇപ്പോള് ഭരണ സമിതി യോഗം ചേരുന്നത്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന് ആണ് സൂചന.
രാജിവെച്ച സിദ്ദിഖിന് പകരം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഭരണ സമിതി തുടരണം എന്നാണ് മിക്ക അംഗങ്ങളുടെയും അഭിപ്രായം. എന്നാല്‍ മോഹന്‍ലാല്‍ ഇതിനോട് അതൃപ്തി അറിയിച്ചതായാണ് വിവരം.

അതേസമയം മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല എന്നാണു അറിയുന്നത്. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ (SIT) ത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
SIT നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. ഈ സമയത്താണ് തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് പല നടിമാരും സ്വീകരിച്ച നിലപാട്.
കേരള ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് SIT കടന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.


