ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. എം.ജിഷ മോളെ കോടതി നിർദേശപ്രകാരമാണ് മാറ്റിയത്. മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
|
നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. ഇതോടെയാണ് അവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചത്. കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇങ്ങനെ പറഞ്ഞതെന്ന സംശയം പൊലീസിനുണ്ട്.
ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെക്കുറിച്ച് മാനേജർക്ക് തോന്നിയ സംശയമാണ് കൃഷി ഓഫിസറായ ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ കുഞ്ഞുമോൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. ടാർപോളിൻ വാങ്ങിയതിൻറെ വിലയായി കുഞ്ഞുമോൻ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നൽകിയത് ജിഷയാണ്.
തുടർന്ന് യുവതിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും അവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിഷ. എടത്വ കൃഷി ഓഫിസർ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളു. ഫാഷൻ ഷോയിലും മോഡലിങ് രംഗത്തും സജീവമാണ് ഇവർ. ഭർത്താവ് മലപ്പുറത്ത് കോളജ് അധ്യാപകൻ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാൽ ഓൺലൈൻ മാർക്കറ്റിങ്ങിന്റെ ബിസിനസ് ആണെന്ന് ജിഷ പൊലീസിനോട് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ജിഷയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.


