24
May 2025
Sat
24 May 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളത്തേക്ക് (മെയ് 11, ഞായറാഴ്ച) വിവാഹ ബുക്കിങ് കുതിക്കുന്നു. ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം ബുക്കിങ് 200 കവിഞ്ഞു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കിത്തുടങ്ങി. വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനുള്ള ക്രമീകരണങ്ങള്‍ ആണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കുന്നത്.

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങളും ഒരുക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കുകയാവും ചെയ്യുക.

വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമെ ഒരുകുടുംബത്തില്‍നിന്ന് പ്രവേശനം ഉണ്ടാകൂ.

അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്ന പക്ഷം ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏര്‍പ്പെടുത്തുന്ന ദര്‍ശന നിയന്ത്രണങ്ങളോട് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വികെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയനും അഭ്യര്‍ത്ഥിച്ചു.

more than 200 weddings in Guruvayur tomorrow alone; wedding ceremonies from 5 am