22
Jul 2025
Mon
22 Jul 2025 Mon
multi millioner caught stealing

മൂവാറ്റുപുഴയില്‍ പലചരക്കുകടയില്‍ പട്ടാപ്പകല്‍ മോഷണം. (Multi millioner caught stealing garlic from shop) കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് സംഭവം. സിസിടിവിയില്‍ മോഷ്ടാവിനെ കണ്ട
പൊലീസും നാട്ടുകാരും ഞെട്ടി. അഞ്ച് സ്വകാര്യബസുകളുടെ ഉടമയും വ്യവസായ സ്ഥാപനങ്ങളുമെല്ലാമുള്ള കോടീശ്വരനാണ് പ്രതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുടമ പള്ളിയില്‍ പോയ നേരത്ത് എത്തിയ പ്രതി, കടയുടെ പുറത്ത് വച്ചിരുന്ന വെളുത്തുള്ളി ആദ്യം ഒരു ചാക്കിലാക്കി കാറില്‍ കൊണ്ടു പോയി വച്ചു. തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ പെട്ടിയോടെ എടുത്ത് കാറില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു.

കടയിലേക്ക് എത്തുന്നതിന് മുന്‍പ് തൊട്ടടുത്തുള്ള ഹോട്ടലില്‍ കയറി ബിരിയാണിയും ഇയാള്‍ കഴിച്ചതായും പണം കൊടുക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും കടയുടമയും വെളിപ്പെടുത്തി.

കടയിലെ സാധനങ്ങള്‍ നഷ്ടമായെന്ന് പലചരക്കുകടയുടമ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്. സിസിടിവി പരിശോധിച്ചതോടെയാണ് കോടീശ്വരനായ കള്ളനെ തിരിച്ചറിഞ്ഞത്. വണ്ണപ്പുറം ഒടിയപാറയില്‍ താമസിക്കുന്ന അപ്പ എന്ന് വിളിക്കുന്ന സ്‌ക്കറിയ ആണ് പ്രതി.

പൊലീസ് ഇയാളുടെ വീട്ടിലെത്തി വിവരമറിയിച്ചതോടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കടയുടമയെ അറിയിക്കുകയായിരുന്നു. ഒടുവില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി പിരിഞ്ഞു.

ഇതാദ്യമായല്ല ഇയാള്‍ മോഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. മുവാറ്റുപുഴ തൊടുപുഴ തുടങ്ങിയ ടൗണുകള്‍ കേന്ദ്രീകരിച്ച് തിരക്കുള്ള കടകളില്‍ നിന്നും ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടത്രെ. വണ്ണപ്പുറം തൊടുപുഴ ഈരാറ്റുപേട്ട എന്നീ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബിബിന്‍സ് ബസ്സുകളുടെ ഉടമാണ്. പുതിയ ഇരുനില വീടുണ്ട്. നിരവധി കടകളും സ്വന്തമായി നിരവധി ഭൂമിയുമുണ്ട്.

സ്വന്തമല്ലാത്ത വസ്തുക്കള്‍ മോഷ്ടിച്ചെടുക്കുമ്പോള്‍ ആനന്ദം ലഭിക്കുന്ന ക്ലെപ്‌റ്റോമാനിയ എന്ന രോഗം പ്രതിക്കുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നത്.

എന്താണ് ക്ലെപ്‌റ്റോമാനിയ? പരിഹാരമെന്ത്?

ക്ലെപ്‌റ്റോമാനിയ എന്ന മോഷണാഭിരുചിയുള്ള വ്യക്തികള്‍ പലപ്പോഴും തനിക്ക് ആവശ്യമില്ലാത്തതോ സാമ്പത്തിക നേട്ടം ഇല്ലാത്തതോ ആയ വസ്തുക്കളാകും കൈക്കലാക്കുക. മോഷ്ടിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹമാണ് ഇത്തരം വൈകല്യമുള്ളവരില്‍ കാണപ്പെടുകയെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.

മോഷ്ടിക്കാനുള്ള തീവ്രമായ പ്രേരണയെ ചെറുക്കാന്‍ ഇവര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നതാണ് പ്രശ്‌നമെന്നും മോഷണം നടത്തുന്നതിന് മുന്‍പ് കടുത്ത മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഇത്തരക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മോഷ്ടിച്ച വസ്തുക്കളോട് കൃത്യത്തിന് ശേഷം ഇക്കൂട്ടര്‍ക്ക് താല്‍പര്യം നഷ്ടമാവുകയും ചെയ്യും. തലച്ചോറിലെ സെറോടോണിന്റെയും ഡോപമിന്റെയും അസന്തുലിതാവസ്ഥ, ഉത്കണ്ഠ, വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ക്ലെപ്‌റ്റോമാനിയയ്ക്ക് കാരണമായേക്കാം.