മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിച്ച് കൂടാ എന്നും വിദ്യാഭ്യാസം നേടിക്കൂടാ എന്നും ഇസ്ലാമില്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ചിലയാളുകള്‍ ഉണ്ടാക്കിയെടുത്ത ചട്ടമാണ് അത് എന്നും മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ്. കൊച്ചിയില്‍ നടന്ന മനോരമ ഹോര്‍ത്തൂസിലെ ചര്‍ച്ചയിലായിരുന്നു ഫാത്തിമ നര്‍ഗീസിന്റെ പ്രതികരണം.
|
‘മക്കയില്‍ കഅബയില്‍ സ്ത്രീകള്‍ പോകുകയും തൊടുകയും പ്രദക്ഷിണം വെക്കുകയും ചെയ്യുന്നത് കണ്ടിട്ടും ഇത്രേം വര്‍ഷങ്ങള്‍ ആയിട്ടും കേരളത്തില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നില്ല?’ എന്നതായിരുന്നു നര്‍ഗീസിനോടുള്ള ചോദ്യം. ഇതിന് സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം ഇവിടെ ആരൊക്കെയോ ചേര്‍ന്ന് നിഷേധിച്ചതാണ് എന്നായിരുന്നു നര്‍ഗീസിന്റെ മറുപടി.
‘അത് മാറണം. പള്ളിപ്രവേശനം വുമണ്‍ റെവല്യൂഷന്റെ ഭാഗമാണ്. സ്ത്രീകള്‍ അവിടെ പ്രവേശിച്ചു കൂടാ എന്ന് ഒരിക്കലും പറയാന്‍ പാടില്ല. സമീപഭാവിയില്‍ തന്നെ അതില്‍ മാറ്റം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്ന് നര്‍ഗീസ് പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും നര്‍ഗീസ് പറയുന്നു. ഇസ്ലാമില്‍ ഒരിടത്തും മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്ന് പറഞ്ഞിട്ടില്ല എന്നും മറിച്ച് വിദ്യാഭ്യാസം നിര്‍ബന്ധമാണ് എന്നാണ് പറഞ്ഞിട്ടുള്ളത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദിന് പിന്നാലെ രാമക്ഷേത്രവും; കുളം കലക്കാന്‍ ബിജെപി
അതേസമയം, സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മകളുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. പാണക്കാട് കുടുംബത്തില്‍ ജമാഅത്തെ ഇസ്ലാമി – മുജാഹിദ് സ്വാധീനമെന്ന സമസ്ത വിമര്‍ശനത്തിന് പിന്നാലെയാണ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസുള്ള വിദ്യാര്‍ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!


