കോഴിക്കോട്: വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഇരട്ടകൊലപാതക വെളിപ്പെടുത്തലിന്റെ ചുരുളഴിക്കാന്‍ പൊലീസ്. (Murder confession by Muhammed Ali: Police form enquiry squad) വെള്ളയില്‍ ബീച്ചില്‍ വെച്ചുനടത്തിയ കൊലപാതകത്തിന്റെ അന്വേഷണത്തിന് പൊലീസ് ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു.
|
കൂടരഞ്ഞിയില്‍ നടത്തിയെന്ന് പറയുന്ന കൊലപാതകത്തില്‍ ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കെ, 2015ല്‍ പലയിടങ്ങളിലായി മാനസിക പ്രയാസങ്ങള്‍ക്ക് മുഹമ്മദലി ചികിത്സ തേടിയതായും പൊലീസിന് വിവരം ലഭിച്ചു.
1986ല്‍ കൂടരഞ്ഞിയിലും 1989ല്‍ വെള്ളയില്‍ ബീച്ചിലും താന്‍ കൊലപാതകങ്ങള്‍ നടത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷങ്ങള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് മുഹമ്മദാലി പറയുന്നത്. എന്നാല്‍ കൊലപാതകങ്ങള്‍ നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതും ആരാണ് മരിച്ചതെന്ന് കണ്ടെത്താന്‍ സാധിക്കാത്തതും പൊലീസിന് തലവേദനയായിരിക്കുകയാണ്.
ALSO READ: ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നത് അഞ്ച് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
രണ്ട് കൊലപാതകങ്ങള്‍ക്കും ആകെയുള്ള ഒരു തെളിവ് പഴയ പത്രവാര്‍ത്തകളാണ്. വെള്ളയില്‍ ബീച്ചില്‍ നടത്തിയ കൊലപാതകത്തെക്കുറിച്ചുള്ള പഴയകാല വാര്‍ത്ത പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, അതേ വര്‍ഷം നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ബീച്ചിലെ കൊലപാതകത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ അയാളെ പിന്നീട് കണ്ടില്ലെന്നുമാണ് മുഹമ്മദലി പൊലീസിനോട് പറഞ്ഞത്.
ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസിന് മുന്‍പാകെ കീഴടങ്ങി കൂടരഞ്ഞിയിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാള്‍ സമീപത്തെ തോട്ടില്‍ വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാര്‍ത്തകളിലൂടെ ലഭിച്ച സൂചനകള്‍ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്. പിന്നീടായിരുന്നു വെള്ളയില്‍ ബീച്ചിലെ കൊലപാതകത്തിന്റെ വെളിപ്പെടുത്തല്‍.
മക്കളുടെ അസുഖവും മരണവും കാരണം മാനസിക സ്വാസ്ഥ്യം നഷ്ടപ്പെട്ടതോടെയാണ് താന്‍ പഴയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞിരുന്നു.


