12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ പതിച്ചതായി തെളിവുകള്‍ പുറത്ത്. (5 IDF bases were struck by ballistic missiles during Israel-Iran war) ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ച് ദി ടെലഗ്രാഫ് ആണ് ഈ വിവരം പുറത്തുവിട്ടത്.
|
സൈനിക താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും ഇറാന്‍ ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പുറത്ത് വിടുന്നത് ഇസ്രായേല്‍ വിലക്കിയിരുന്നു. ഇറാന് അവരുടെ മിസൈല്‍ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുമെന്ന ന്യായം പറഞ്ഞായിരുന്നു വിലക്ക്.
എന്നാല്‍, ടെല്‍ നോഫ് വ്യോമതാവളം, ഗിലിയോത്ത് ഇന്റലിജന്‍സ് കേന്ദ്രം, സിപ്പോരിത് ആയുധ നിര്‍മാണ കേന്ദ്രം തുടങ്ങിയവയാണ് തകര്‍ക്കപ്പെട്ടതെന്ന് ബ്രിട്ടീഷ് പത്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
ALSO READ: ഇസ്രായേലില്‍ വൃദ്ധയെ കുത്തിക്കൊന്ന് മലയാളി ജീവനൊടുക്കി
യുദ്ധ മേഖലകളിലെ നാശനഷ്ടങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി ട്രാക്ക് ചെയ്യുന്ന ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ടെലഗ്രാഫ് റിപോര്‍ട്ട് തയ്യാറാക്കിയത്.
ഇസ്രായേല്‍ സൈനിക താവളങ്ങളില്‍ ആറ് മിസൈലുകളാണ് പതിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് മറ്റ് 36 മിസൈലുകളും വിവിധ പ്രദേശങ്ങളില്‍ പതിച്ചു. ഇതില്‍ 28 പേര്‍ കൊല്ലപ്പെടുകയും 2,305 വീടുകളും 240 മറ്റ് കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. രണ്ട് യൂനിവേഴ്‌സിറ്റികളും ഒരു ആശുപത്രിയും തകര്‍ക്കപ്പെട്ടു.
12 ദിവസത്തെ യുദ്ധത്തിനിടെ 500ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. 1,100 ഡ്രോണുകളും ഉപയോഗിച്ചു. ഇതില്‍ ഒരെണ്ണം മാത്രമാണ് ഇസ്രായേലില്‍ നാശനഷ്ടം സൃഷ്ടിച്ചതെന്നാണ് റിപോര്‍ട്ട്.
ഇസ്രായേല്‍ പ്രതിരോധ സംവിധാനം മിസൈലുകള്‍ തടുക്കുന്നതിന്റെ നിരക്ക് താരത്യമേന കൂടുതലാണെങ്കിലും ഓരോ ദിവസവും ഈ ശേഷി കുറഞ്ഞുവന്നിരുന്നതായി റിപോര്‍ട്ടിലുണ്ട്. ഏഴാം ദിവസമായപ്പോഴേക്കും വിക്ഷേപിച്ച മിസൈലുകളില്‍ 16 ശതമാനവും ലക്ഷ്യം കണ്ടതായി ടെലഗ്രാഫ് വ്യക്തമാക്കി.
ഇസ്രായേലിന്റെ കൈയിലുള്ള വ്യോമ പ്രതിരോധ മിസൈലുകളുടെ എണ്ണം കുറഞ്ഞുവന്നതും ഇറാന്‍ അത്യാധുനിക മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതും ഇതിന് കാരണമാവാമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


