29
May 2025
Sat
29 May 2025 Sat
SUHAS SHETTY

മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. (Murder of Bajrang Dal worker in Mangaluru: Eight people including the main accused arrested)  കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഫ്‌വാന്‍ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ല്‍ സഫ്‌വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

അന്നത്തെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സഫ്‌വാന്‍ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിര്‍ത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട് ആക്രമിച്ചതെന്നുമാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര മംഗളൂരുവിലെത്തി.

ALSO READ: ”കുടുംബത്തിന്റെ താങ്ങാവേണ്ട കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു, രാഷ്ട്രീയക്കാര്‍ അവരെ ചൂഷണം ചെയ്യുന്നു”; വിങ്ങിപ്പൊട്ടി കൊല്ലപ്പെട്ട സുഹാസിന്റെ പിതാവ്

ഇന്ന് 11 മണിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടര്‍ന്ന് ജി പരമേശ്വര വാര്‍ത്താ സമ്മേളനം വിളിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മംഗളുരു കമ്മീഷണറും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യഴാഴ്ച്ച രാത്രി 8.27നാണ് ബജ്പെയിലെ കിന്നിപ്പദവ് ക്രോസിന് സമീപം അക്രമികള്‍ സുഹാസിനെ വെട്ടിക്കൊന്നത്. സുഹാസും സുഹൃത്തുക്കളായ സഞ്ജയ്, പ്രജ്വല്‍, അന്‍വിത്, ലതീഷ്, ശശാങ്ക് എന്നിവരും വാഹനത്തില്‍ സഞ്ചരിക്കവേ സ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ആറോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ സുഹാസിനെ ഉടന്‍ എജെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട സുഹാസ് ഷെട്ടിക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. രണ്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അഞ്ചു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. ഒരു കേസ് ദക്ഷിണ കന്നഡയിലും നാല് കേസുകള്‍ ംഗളൂരു സിറ്റി കമ്മീഷണറേറ്റ് പരിധിയിലുമാണ്.

രണ്ടു കേസുകളില്‍ ഷെട്ടിയെ വെറുതെവിട്ടിരുന്നു. രണ്ട് കൊലപാതക കേസുകളില്‍ വിചാരണ നടക്കുകയാണ്.

2022ല്‍ മംഗളൂരുവിലെ മംഗല്‍വാര്‍പേട്ടയില്‍ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് ഷെട്ടി. 2020ല്‍ ബജ്പെയിലെ ദേവിയാര്‍ഗുഡ്ഡയില്‍ 20 വയസ്സുള്ള കീര്‍ത്തിയെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്.