മംഗളൂരു: ബജ്‌പെയില്‍ കൊല്ലപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ബജ്‌റംഗ് ദള്‍ നേതാവുമായ സുഹാസ് ഷെട്ടിയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ ബണ്ട്വാള്‍ പുലിമജലില്‍ സംസ്‌കരിച്ചു. (Slain Suhas Shetty cremated in Bantwal) മകന്റെ ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ സുഹാസിന്റെ പിതാവ് മോഹന്‍ ഷെട്ടി വികാരധീനനായി വിങ്ങിപ്പൊട്ടി.
|
‘ഈ ചിത ഇപ്പോള്‍ എരിഞ്ഞടങ്ങും. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം പിരിഞ്ഞുപോകും. എന്നാല്‍ അക്രമത്തില്‍ മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ തീ കെടുമോ? രാഷ്ട്രീയക്കാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഇത്രയും ചെറുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ നമ്മുടെ മക്കള്‍ മരിക്കുമ്പോള്‍ ഒരു രക്ഷിതാവിന് അത് എങ്ങനെ സഹിക്കാന്‍ കഴിയും?”- അദ്ദേഹം കണ്ണീരോടെ ചോദിച്ചു.
ALSO READ: സംഘപരിവാര്‍ ബന്ദ്; മംഗളൂരുവില്‍ ബസ്സിന് നേരെ കല്ലേറ്; ബണ്ട്വാളില്‍ യുവാവിന് കുത്തേറ്റു
‘കുടുംബത്തിന്റെ താങ്ങും തണലുമാകേണ്ട നമ്മുടെ നിഷ്‌കളങ്കരായ കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് ലഭിച്ചത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് ആരുമില്ല”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഹാസ് ഷെട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബണ്ട്വാളിലെ ബി.സി. റോഡില്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ബണ്ട്വാള്‍ എം.എല്‍.എ രാജേഷ് നായിക്, ബെല്‍ത്തങ്ങാടി എം.എല്‍.എ ഹരീഷ് പൂഞ്ച, ആര്‍.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട് തുടങ്ങിയ സംഘപരിവാര നേതാക്കള്‍ മംഗളൂരു എ.ജെ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഐ.ജി അമിത് സിംഗ്, എസ്.പി യതീഷ് എന്‍., ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനന്തപത്മനാഭ, എസ്.ഐ രാമകൃഷ്ണ എന്നിവര്‍ ബണ്ട്വാളില്‍ ക്യാമ്പ് ചെയ്തിരുന്നു.
English summary: Slain Suhas Shetty cremated in Bantwal; grieving father blames politicians for exploiting youth for selfish motives after his son’s murder.


