ചെന്നൈ: ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ അഭിമാനകരമായ അസ്തിത്വത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എഴുപത്തിയഞ്ചിന്റെ നിറവിൽ. ‘ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ 75 വർഷങ്ങൾ’ എന്ന തലക്കെട്ടിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ചെന്നൈ നഗരത്തിൽ ഇന്ന് തുടക്കമാകും. 1948 മാർച്ച് പത്തിന് ലീഗ് പിറവികൊണ്ട അന്നത്തെ മദ്രാസ് രാജാജി ഹാളിലാണ് സമ്മേളനമെന്ന പ്രത്യേകതയും ഉണ്ട്.
|
സമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്നത് 700 പ്രതിനിധികൾ. ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയാവുകയെന്ന് നേതാക്കൾ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന തീരുമാനങ്ങൾ പ്ലാറ്റിനം ജൂബിലിയിൽ കൈക്കൊള്ളുമെന്നാണ് നേതാക്കൾ പറയുന്നത്. ഒരു വർഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമൺലം പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുകൾ കൂടുപതൽ ഉറപ്പിക്കാനുള്ള നയപരിപാടികൾ ചർച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്തു നിന്നും കാൽ ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യാതിഥിയാകും.


