മലപ്പുറം: മുസ്ലിംലീഗ് ഭരണത്തിലുള്ള പരപ്പനങ്ങാടി നഗരസഭയുടെ സ്റ്റേഡിയത്തില്‍ ആര്‍.എസ്.എസ്സിന്റെ പദസഞ്ചലനത്തിന് അനുമതി നല്‍കിയതിനെച്ചൊല്ലി പാര്‍ട്ടിയിലും പുറത്തും വിവാദവും പ്രതിഷേധവും. ആര്‍.എസ്.എസ് നേതൃത്വത്തില്‍ വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വൈകുന്നേരം 5 മണിക്ക് നടന്ന പൊതു പരിപാടിക്കാണ് നഗരസഭ സ്റ്റേഡിയം അനുവദിച്ചത്. ഒരു സംഘടനയുടെയും പരിപാടിക്ക് സ്‌റ്റേഡിയം അനുവദിക്കാന്‍ പാടില്ലെന്നാണ് ചട്ടമെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ്സിന് കീഴടങ്ങുകയാണെന്ന് ആരോപിച്ച് മുസ്ലിംലീഗ് പ്രതിഷേധപരിപാടികള്‍ നടത്തിവരുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന നഗസഭ ആര്‍.എസ്.എസ്സിന്റെ പദസഞ്ചലനത്തിന് അനുമതി നല്‍കിയത്. മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ അവുക്കാദര്‍ക്കുട്ടി നഹയുടെ പേരിലാണ് സ്റ്റേഡിയം.
|

സ്‌കൂളിന്റെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങിയതെന്നും, തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് സംഭവം വിവാദമായപ്പോള്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി.ഷാഹുല്‍ ഹമീദ് പറഞ്ഞത്.
അതേസമയം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ അമിത താല്‍പര്യമാണ് സര്‍ക്കാറിന്കീഴിലുള്ള സ്റ്റേഡിയം ആര്‍.എസ്.എസിന് അനുവദിച്ചുതെന്നും പറയപ്പെടുന്നു. സര്‍ക്കാര്‍ പൊതുസ്ഥലം ആര്‍ എസ്.എസിന്റെ ആയുധ പരിശീലനത്തിന് സ്റ്റേഡിയം ലീഗ് ഭരണസമിതി നല്‍കിയതിലൂടെ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കപെട്ടിരിക്കുകയാണന്നും ഇതിന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അറിയാതെ സ്റ്റേഡിയം വിട്ട് നല്‍കാന്‍ കളമൊരുക്കിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് നടത്തിയ നീക്കം പ്രതിഷേധാര്‍ഹമാണെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗും നഗരത്തില്‍ പ്രകടനം നടത്തി.
പരപ്പനങ്ങാടിയില്‍ നടന്ന എല്ലാ പഞ്ചായത്ത് – നഗരസഭ തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിനെ തോല്‍പിക്കാനും ഭരണംപിടിക്കാനും ആര്‍.എസ്.എസുമായി ലീഗ് ഉണ്ടാക്കുന്ന രഹസ്യ സഖ്യം പരസ്യമാണെന്നും ഇതിന്റെ ഭാഗമാണ് ആര്‍.എസ്.എസിന് പരിപാടി നടത്താന്‍ സ്റ്റേഡിയം വിട്ടുകൊടുത്തതെന്നും സി.പി.എം ആരോപിച്ചു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ 32 ല്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതിന് പ്രത്യുപകാരമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന് പരപ്പനങ്ങാടി സഹകരണ ബാങ്കില്‍ മുസ്ലിം ലീഗ് ജോലി നല്‍കിയിട്ടുണ്ട്. നഗരസഭ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമുള്ള സമയത്ത് അവിശുദ്ധ ബന്ധം അരക്കിട്ടുറപ്പിക്കാനാണ് സ്റ്റേഡിയം ആയുധപരേഡിന് വിട്ടു നല്‍കിയതെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Muslim League-ruled municipal stadium Allowed RSS Function trigger controversy


