മുംബൈ: ട്രെയിനിൽ വച്ചും വീടിനടുത്തു വച്ചും ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ തന്നെയും കുടുംബത്തെയും ആക്രമിച്ചതായി മുസ്ലിം യുവാവിന്റെ പരാതി. മഹാരാഷ്ട്രയിലെ കങ്കവലി സ്വദേശി ആസിഫ് ശൈഖാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടു തവണ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും എന്നാൽ, ആക്രമിച്ചവരുടെ പരാതിയിൽ തനിക്കെതിരെ രണ്ടു തവണ കേസെടുത്തെന്നും ആസിഫ് ആരോപിച്ചു.
|
ജനുവരി 19ന് കങ്കവലിയിൽ നിന്ന് ഭാര്യക്കും മകൾക്കുമൊപ്പം മുംബൈക്കു വരുമ്പോഴാണ് ആദ്യ സംഭവം. ട്രെയിനിൽ ഇവർ യാത്ര ചെയ്ത കമ്പാർട്ട്മെന്റിലുണ്ടായിരുന്ന 30ഓളം വിദ്യാർഥികൾ യാത്രക്കാരോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. പർദ ധരിച്ച തന്റെ ഭാര്യയോടും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിന് വിദ്യാർഥികൾ മർദിക്കുകയായിരുന്നു.
മകളുടെ ദേഹത്ത് ചൂടുള്ള ചായ ഒഴിച്ചതോടെ പൻവേൽ റെയിൽവേ പൊലീസിൽ പരാതി നൽകി. എന്നാൽ, കേസെടുത്തില്ല. മോശമായി പെരുമാറിയെന്നാരോപിച്ച് അക്രമികളുടെ കൂട്ടത്തിലെ സ്ത്രീ നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുക്കുകയും ചെയ്തു.
പിന്നീട് കേസ് കങ്കവലി സ്റ്റേഷനിലേക്കു മാറ്റി. ജനുവരി 24ന് അവിടെ ചെല്ലാനും പൻവേൽ റെയിൽവേ പൊലീസ് ആവശ്യപ്പെട്ടു. കങ്കവലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ആളുകൾ തടിച്ചുകൂടിയിരുന്നു. സ്റ്റേഷനിൽ കാത്തുനിന്ന ബിജെപി നേതാവ് പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ നിന്ന് പൊലീസാണ് വീട്ടിൽ കൊണ്ടുവിട്ടത്. വീടിനു മുന്നിലും ആളുകൾ കൂടിയിരുന്നു.





