കണ്ണൂര്‍: കണ്ണൂര്‍ കായലോട്ടെ റസീന എന്ന യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. സദാചാര പോലീസിങ് ആണ് ആത്മഹത്യക്ക് പിന്നിലെന്ന പോലീസിന്റെ വാദംതള്ളി കുടുംബം രംഗത്തുവന്നതോടെയാണ് ദുരൂഹത ഉടലെടുത്തത്. ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്തെന്ന് കുടുംബം ചൂണ്ടിക്കാട്ടി. റസീനയുടെ പണവും സ്വര്‍ണവും ആണ്‍സുഹൃത്ത് തട്ടിയെടുത്തെന്നും പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും റസീനയുടെ ഉമ്മ പറഞ്ഞു. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും മാതാവ് പറഞ്ഞു.
|
ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തുമായി കാറില്‍ ഒരുമിച്ച് കണ്ടതിന്റെ പേരില്‍ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കേസില്‍ സദാചാര ആക്രമണമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരെല്ലാം യുവതിയുടെ ബന്ധുക്കളാണെന്ന് കുടുംബം പറഞ്ഞു. പറമ്പായി സ്വദേശികളായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ സദാചാര ആക്രമണം തന്നെയെന്നെന്നാണ് പൊലീസ് പറയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറില്‍ സംസാരിച്ചിരിക്കുന്നത് പ്രതികള്‍ കണ്ടെന്നും ഇതേതുടര്‍ന്നുള്ള ചോദ്യംചെയ്യലിലെ വിഷമത്തിലാണ് ജീവനൊടക്കിയതെന്നുമാണ് പോലീസ് പറയുന്നത്. യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ആണ്‍ സുഹൃത്ത് പണവും സ്വര്‍ണവും തട്ടിയെടുത്തതില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നാണ് പുതിയ സൂചന. ആണ്‍ സുഹൃത്ത് റസീനയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയത്.
സംഭവത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ അറിയിച്ചിട്ടുണ്ട്.
എസ്ഡിപിഐയുടെ പ്രതികരണം ഇങ്ങനെ: ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമാണ്.
Mystery continues over the suicide of a young woman named Rasina in Kannur Kayalotte


