കിളിക്കൊല്ലൂര്‍: പിതാവിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മക്കള്‍ നല്‍കിയ പരാതിമേല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചതായി ആക്ഷേപം. കൊല്ലം ടികെഎം കോളജ് പോസ്റ്റ് ഓഫിസ് പരിധിയിലെ കാര്‍ത്തികയില്‍ ബില്‍ഖീസും സഹോദരിമാരുമാണ് പൊലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
|
2017ലാണ് ബില്‍ഖീസ് ബീഗത്തിന്റെയും മൂന്ന് സഹോദരിമാരുടേയും പിതാവും കൊല്ലം ടികെഎം കോളജില്‍ നിന്ന് വിരമിച്ച ട്രെഡ് ഇന്‍സ്ട്രക്ടറുമായ ഷംസുദ്ദീന്‍ മരണപ്പെടുന്നത്. രണ്ടുമൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നെങ്കിലും ഗുരുതരമായ രോഗങ്ങളൊന്നും ഇല്ലാതിരുന്ന ഷംസുദ്ദീന്റെ മരണത്തില്‍ തങ്ങള്‍ക്കു സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഷംസുദ്ദീന്റെ മരണം ദിവസം തന്നെ ഇവര്‍ കിളിക്കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭാര്യയേയും മക്കളേയും ഷംസുദ്ദീന്റെ മൃതദേഹം കാണിക്കാതെ പിതൃസഹോദരനും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് അടക്കം ചെയ്യുകയായിരുന്നുവെന്നും ബില്‍ഖീസും സഹോദരിമാരും നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ പരാതിയിന്മേല്‍ പൊലീസ് യാതൊരും നടപടിയും സ്വീകരിക്കാത്ത സാഹചര്യം തുടര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അന്നത്തെ ഡിജിപിക്ക് ബില്‍ഖീസും സഹോദരിമാരും പരാതി നല്‍കി. പിതാവിന്റെ മരണത്തിലെ ദുരൂഹതയെപറ്റി ബില്‍ഖീസിന്റെ പരാതിയെ തുടര്‍ന്ന് ഡിജിപി കിളിക്കൊല്ലൂര്‍ എസ്എച്ച്ഒയോട് റിപോര്‍ട്ട് തേടി. ഇതേതുടര്‍ന്ന് മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കാണിച്ച് കിളിക്കൊല്ലൂര്‍ എസ് എച്ച് ഒ ഡിജിപിക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ മൃതശരീരം പോസ്റ്റ്മോര്‍ട്ടം നടത്തുകയോ പൊലീസ് സര്‍ജന്റെ അഭിപ്രായം തേടുകയോ ചെയ്യാതെയാണ് എസ്എച്ച്ഒ റിപോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമാക്കി ബില്‍ഖീസും സഹോദരിമാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതെ തുടര്‍ന്ന് ജഡ്ജ് ബെച്ചു കുര്യന്‍ ബില്‍ഖീസിന്റെയും സഹോദരിമാരുടേയും പരാതിയില്‍ മേല്‍ പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയുണ്ടായി.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാതിയെ കുറിച്ചൊന്നും പറയാതെ പരാതിക്കാരിയുടെ പേരില്‍ വസ്തുസമ്പത്തിച്ചുള്ള ഒരു കേസുണ്ടെന്ന് മാത്രമാണ് എഴുതിയിട്ടുളളതെന്ന് ബില്‍ക്കീസ് പറയുന്നു.” ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടതനുസരിച്ച് പൊലീസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ എന്റെ പേരില്‍ വസ്തു സംമ്പന്ധിച്ച ഒരു സിവില്‍ കേസ് ഉണ്ടെന്നും അതിനാല്‍ പിതാവിന്റെ മരണത്തിലെ ദുരൂഹത സംമ്പന്ധിച്ച കേസ് എടുക്കാനാകില്ലെന്നുമാണ് പോലീസ് എഴുതി ചേര്‍ത്തത്.
പിതാവിന്റെ മരണത്തിന് കാരണക്കാരായ പിതാവിന്റെ സഹോദരനും സുഹൃത്തും പറയുന്നത് അതുപോലെ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. പിതാവ് മരിക്കുന്നതിന് മുമ്പ് രജിസ്റ്റർ ഓഫിസിൽ ആൾ മാറാട്ടം നടത്തിയും വ്യാജരേഖകള്‍ ചമച്ചും പിതാവിന്റെ സുഹൃത്തും സഹോദരനും ഞങ്ങളുടെ വീടും വസ്തുവും കൈവശപ്പെടുത്തുകയും ഉമ്മയേയും ഞങ്ങള്‍ നാലു മക്കളേയും വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. ഇക്കാര്യം വെളിച്ചത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പിതാവിനെ കൊന്നത്. അതുകൊണ്ട് മാത്രമാണ് ഞങ്ങളുടെ പരാതിയിന്മേല്‍ ശരിയായ അന്വേഷണം നടക്കാത്തതെന്നും ബില്‍ക്കീസ് പറയുന്നു.
തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്തംമ്പറില്‍ ബില്‍ക്കീസും സഹോദരിമാരും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വീണ്ടും പരിഗണിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെഞ്ച് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, സ്റ്റേഷനില്‍ നിന്നു നേരത്തേ സംഭവിച്ചതില്‍ നിന്നു മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് പരാതിക്കാരിയുടെ ആശങ്കയും ഭയവും. പരാതിയില്‍ നിയമപരമായി നടത്തേണ്ട അന്വേഷണം നടത്താതെ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞും മറ്റും സമയം നീട്ടി പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് എസ്എച്ച്ഒ ശ്രമിക്കുന്നതെന്നും പരാതിക്കാരി ആരോപിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





