ന്യൂഡല്‍ഹി: എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം നേതാവായി തിരഞ്ഞെടുത്തതോടെ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. ഏകകണ്ഠേനെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
|
യോഗത്തിന് എത്തിച്ചേര്‍ന്ന ഘടകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എം.പിമാരോടും നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേല്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. എന്‍.ഡി.എ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങള്‍ നല്കിയ പുതിയ ഉത്തരവാദിത്തത്തില്‍ താന്‍ വളരെ നന്ദിയുള്ളവനാണ്. 2019ല്‍ സമാനമായ അവസരത്തിലും താന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്. പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍.ഡി.എ സഖ്യം ശക്തമായി മുന്നോട്ട് പോകുന്നതെന്നും മോദി അവകാശപ്പെട്ടു.
തര്‍ക്കത്തിനിടെ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നത്. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്മാരെയും യോഗത്തിനെത്തി.
മോദിയെ നേതാവായി തെരഞ്ഞെടുത്തുള്ള കത്ത് ഇനി രാഷ്ട്രപതിക്ക് നല്‍കും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അയല്‍ രാജ്യങ്ങളിലെ നേതാക്കളെ നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ( പ്രചണ്ഡ) എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പായി തര്‍ക്കം പരിഹരിക്കാനാണ് നീക്കം.
അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഡല്‍ഹിയില്‍ സഖ്യകക്ഷികളും ബിജെപിയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. എന്‍.ഡി.എയിലെ പ്രധാനഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും വലിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. വാണിജ്യം, റയില്‍വേ പോലുള്ള സുപ്രധാന വകുപ്പുകള്‍, ബിഹാറിന് പ്രത്യേക പദവി, അഗ്നിവീര്‍ പദ്ധതി റദ്ദാക്കുക, രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജെ.ഡി.യു ഉന്നയിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ പദവി തുടങ്ങിയവയാണ് തെലുഗുദേശം പാര്‍ട്ടിയുടെ ആവശ്യം.
മൃഗീയഭൂരിപക്ഷത്തില്‍ വിജയിച്ച കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും ഘടകക്ഷികളെ മോദി ഒട്ടും പരിഗണിച്ചിരുന്നില്ല. ഇത്തവണയും സുപ്രധാന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്കു വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ തന്നെ കൈവശം വയ്ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. എന്നാല്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇത്തവണ സഖ്യകക്ഷികളുടെ ചില ആവശ്യങ്ങള്‍ ബി.ജെ.പിക്ക് അംഗീകരിക്കേണ്ടി വന്നേക്കും. ആദ്യമായാണ് മോദിയോടും അമിത്ഷായോടും ഘടകകക്ഷികള്‍ വിലപേശല്‍ നടത്തുന്നത്.
Lok Sabha Election Results Live Updates: Narendra Modi Elected As The Leader Of Lok Sabha





