07
Nov 2023
Sat
07 Nov 2023 Sat

മുഖ്യമന്ത്രിയെയും സംഘത്തെയും വഹിക്കാന്‍ ആഡംബര ബസ് കാസര്‍ക്കോട് എത്തി; നവ കേരള സദസിനു ഇന്ന് തുടക്കം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍ക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസര്‍ക്കോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. ഇന്ന് മുതല്‍ ഡിസംബര്‍ 24 വരെയാണ് പര്യടനം.

ഇവര്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം നിര്‍മിച്ച ബസ് കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ കാസര്‍ക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആഡംബര ബസിനു ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബസിനായി പ്രത്യേക ഇളവുകള്‍ വരുത്തി കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബസിന്റെ മുനിരയിലെ സീറ്റിനു 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിനു മാത്രമായി കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവുണ്ട്. ബസ് നിര്‍ത്തുമ്പോള്‍ പുറത്തു നിന്നു വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്.

നാലു മണ്ഡലങ്ങളില്‍ ഇന്നാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പോലീസ് സേനയെയും വിന്യസിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക