27
Jul 2024
Mon
27 Jul 2024 Mon
neet online examination

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ നീറ്റ് യു.ജി. ഓണ്‍ലൈനാക്കുന്നത് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.) പരിഗണിക്കുന്നു.(NEET ug online examination under consideration)  ഒ.എം.ആര്‍. രീതിയിലുള്ള പരീക്ഷയില്‍ ക്രമക്കേട് വര്‍ധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പരീക്ഷാ സമ്പ്രദായം മാറ്റുന്ന കാര്യം ആലോചിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍.ടി.എ.യുടെ ഘടനയും പ്രവര്‍ത്തനവും അവലോകനംചെയ്യാന്‍ കേന്ദ്രം രൂപവത്കരിച്ച ഏഴംഗ സമിതി ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് നല്‍കും. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം ദേശീയ മെഡിക്കല്‍ കമ്മിഷന്റേതാകും.

2019 മുതല്‍ നീറ്റ് ഓണ്‍ലൈനായി നടത്തുമെന്നും വര്‍ഷത്തില്‍ രണ്ടുതവണ നടത്തുമെന്നും 2018-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികളെ ഇത് ബാധിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ ആശങ്കയെത്തുടര്‍ന്നാണ് ഒ.എം.ആര്‍. രീതി തുടരാന്‍ തീരുമാനിച്ചത്.

അതേ സയമം, സാങ്കേതിക സര്‍വകലാശാലാ പ്രവേശനത്തിനുള്ള ജെ.ഇ.ഇ.മെയിന്‍, അഡ്വാന്‍സ് പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. ഗ്രാമീണപശ്ചാത്തലത്തില്‍നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ പരീക്ഷയില്‍ യോഗ്യത നേടുന്നുണ്ടെന്നിരിക്കേ നീറ്റില്‍ മാത്രം എന്താണ് തടസ്സമെന്ന ചോദ്യമാണ് ഉയരുന്നത്.

24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ ഒരുദിവസംകൊണ്ട് ഓണ്‍ലൈന്‍ പരീക്ഷ പൂര്‍ത്തിയാക്കാനാകില്ല. ജെ.ഇ.ഇ.യ്ക്കു സമാനമായി വിവിധ ഘട്ടങ്ങളായി പരീക്ഷ നടത്തേണ്ടി വരും.

നേരത്തേ ഒ.എം.ആറില്‍ നടത്തിയിരുന്ന യു.ജി.സി.നെറ്റ് പുതുക്കിയ മാനദണ്ഡമനുസരിച്ച് കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കിയിട്ടുണ്ട്.