ന്യൂഡല്‍ഹി: 2023-ല്‍ സിലിക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ കൈകൊണ്ട് മണ്ണ് തുരന്ന് പുറത്തെത്തിച്ച ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നിന്നുള്ള റാറ്റ് ഹോള്‍ മൈനേഴ്‌സ് സംഘം നേപ്പാളിലെ ദുരന്തഭൂമിയിലും രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചു. പ്രളയത്തെത്തുടര്‍ന്ന് നേപ്പാളിലെ 12 ഹൈഡ്രോ പവര്‍ പ്രൊജക്റ്റുകളില്‍ നിന്നായി 900-ഓളം തൊഴിലാളികളെ കാണാതാവുകയും, ഇതില്‍ 500-ഓളം പേര്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും കരുതപ്പെടുന്നു.
|
19 ഹൈഡ്രോ പവര്‍ തുരങ്കങ്ങള കേന്ദ്രീകരിച്ചാണ് നേപ്പാള്‍ ആര്‍മി നിലവില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് സിലിക്യാരയിലെ മിടുക്കന്മാരായ തൊഴിലാളികളുടെ സേവനം നേപ്പാള്‍ അധികൃതര്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംഘത്തിന്റെ പൂനെ ആസ്ഥാനമായുള്ള വോളന്റിയര്‍ കോര്‍ഡിനേറ്റര്‍ ആനന്ദ് കന്‍സാല്‍, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചത്. ‘മാധ്യമങ്ങളിലെ വാര്‍ത്തകളും ദൃശ്യങ്ങളും ഞങ്ങളെ ഏറെ വേദനിപ്പിച്ചു… അടുത്തകാലത്ത് നാം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്,’ ആനന്ദ് കന്‍സാല്‍ പറഞ്ഞു.
രസുവ, നുവാകോട്ട് എന്നിവിടങ്ങളിലെ 12 ഹൈഡ്രോ പവര്‍ പ്രൊജക്റ്റുകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. നിര്‍മ്മാണത്തിലുള്ള നാലും, പ്രവര്‍ത്തനസജ്ജമായ ഏഴും, പരിശോധന ഘട്ടത്തിലുള്ള ഒരെണ്ണവും ഇതില്‍ ഉള്‍പ്പെടുന്നു. ചെളിയും വന്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും വീണ് ഈ തുരങ്കങ്ങളുടെ പല ഭാഗങ്ങളും അടഞ്ഞുപോവുകയോ തകരുകയോ ചെയ്തിട്ടുണ്ട്.
ALSO READ: മാധ്യമം ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി
2023 നവംബറില്‍ സിലിക്യാര-ബെന്‍ഡ്-ബാര്‍കോട്ട് തുരങ്കത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് പരാജയപ്പെട്ടപ്പോഴാണ് ഈ തൊഴിലാളികള്‍ രാജ്യ ശ്രദ്ധ നേടിയത്. ഇടുങ്ങിയ പൈപ്പിലൂടെ ഇറങ്ങി കൈകൊണ്ട് അവസാനത്തെ ദൂരം തുരന്നാണ് 17 ദിവസമായി അടിയില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ ഇവര്‍ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍ തെലങ്കാനയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിലുണ്ടായ അപകടത്തിലും ഇവര്‍ സ്‌പെഷ്യലൈസ്ഡ് റെസ്‌ക്യൂ ഏജന്‍സികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.
നേപ്പാള്‍ സഹായം അഭ്യര്‍ത്ഥിച്ചാല്‍ ഉടന്‍ പുറപ്പെടാന്‍ സംഘം സജ്ജമാണെന്ന് സിലിക്യാര ദൗത്യത്തില്‍ പങ്കാളിയായ ഫിറോസ് ഖുറേഷി പറഞ്ഞു. ‘അവരുടെ കുടുംബങ്ങള്‍ കടന്നുപോകുന്ന മാനസികാവസ്ഥ ഞങ്ങള്‍ക്ക് നന്നായി മനസ്സിലാകും. സഹായിക്കാന്‍ അവസരം ലഭിച്ചാല്‍ നാളെയല്ല, ഇന്നുതന്നെ പുറപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്.’
വന്‍കിട യന്ത്രങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ തങ്ങളുടെ പരമ്പരാഗത രീതികള്‍ ഫലപ്രദമാകുമെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മോനു കുമാര്‍ വ്യക്തമാക്കി. ‘വലിയ യന്ത്രങ്ങള്‍ക്ക് എത്താന്‍ കഴിയാത്തയിടത്തും ഞങ്ങളുടെ കൈകള്‍ക്കും സാങ്കേതിക ഉപകരണങ്ങള്‍ക്കും എത്താനാകും. ഞങ്ങള്‍ക്ക് പോകാനുള്ള അനുമതി മാത്രം മതി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags: Nepal Floods, Rat Miners, Silkyara Tunnel Rescue, Nepal Tunnel Rescue, Indian Ambassador to Nepal, Firoz Qureshi, Anand Kansal, Hydropower Tunnels Nepal, Disaster Rescue News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





