ജറുസലേം: ഗസാ യുദ്ധം ലക്ഷ്യം കാണാതെ നീണ്ടുപോകവേ ഇസ്രായേല്‍ ഭരണകൂടത്തില്‍ പ്രതിസന്ധി രൂക്ഷം. (Netanyahu fired the defense minister Gallant) അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യൊആവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി.
|
നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് പുതിയ പ്രതിരോധ മന്ത്രി. കാറ്റ്‌സിന് പകരം ഗിദിയോന്‍ സാര്‍ പുതിയ വിദേശകാര്യ മന്ത്രിയാകും.
ഗാലന്റിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയെന്നും അദ്ദേഹത്തിന് നിരവധി വീഴ്ചകള്‍ സംഭവിച്ചെന്നും ആരോപിച്ചാണ് നെതന്യാഹുവിന്റെ നടപടി. ഗസയിലും ലബനാനിലും യുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് നടപടകളിലേക്കു നയിച്ചതെന്നും നെതന്യാഹു സൂചിപ്പിച്ചു.
ALSO READ: നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; യാത്ര പാതിവഴിയില്‍ റദ്ദാക്കി രക്ഷപ്പെട്ടു
എന്നാല്‍, ഇസ്രായേലിന്റെ സുരക്ഷക്കായി ഇനിയും നിലകൊള്ളുമെന്നും അതാണ് തന്റെ ജീവിത ദൗത്യമെന്നും യൊആവ് ഗാലന്റ് എക്‌സിലൂടെ പ്രതികരിച്ചു.
ഗസയിലെ യുദ്ധം ലക്ഷ്യം കാണാതെ നീളുന്നതിനിടെ ലബ്‌നാനിലും തുടര്‍ന്ന് ഇറാനെതിരേയും സംഘര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി യൊആവ് ഗാലന്റ് അയച്ച കത്ത് പുറത്തുവന്നിരുന്നു.
ഇസ്രായേലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തില്‍ പറയുന്നു. ‘ചാനല്‍ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്റ് കത്തയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇസ്രായേലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ലെന്നും ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യുദ്ധത്തില്‍ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ ഒരേ സമയം വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ യുദ്ധം നടത്തുന്നതിന്റെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.
ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്റ് പറയുന്നു. ഗസയില്‍ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളര്‍ച്ച നിര്‍ത്തലാക്കുകയും വേണം. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയന്‍ സര്‍ക്കാര്‍ വളര്‍ത്തിക്കൊണ്ടു വരണമെന്നും ഗാലന്റ് നിര്‍ദേശിച്ചു.
ലബ്‌നാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമിടേണ്ടത്. ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാതിരിക്കാന്‍ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അക്രമസമാധ്യതകള്‍ അടിച്ചമര്‍ത്തണമെന്നും ഗാലന്റിന്റെ കത്തിലുണ്ട്.


