തെല്‍ അവീവ്: ഇസ്രായേലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ല. അയേണ്‍ ഡോമിന്റെ കണ്ണുവെട്ടിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നു. വടക്കന്‍ ഇസ്രായേലില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനു മിനിറ്റുകള്‍ക്കു മുമ്പായിരുന്നു സംഭവം.
|
അപ്രതീക്ഷിതമായി ഹിസ്ബുല്ല ആക്രമണത്തില്‍ ചകിതനായ ഇസ്രായേല്‍ പ്രധാനമന്ത്രി യാത്ര പാതിവഴിയില്‍ റദ്ദാക്കി മടങ്ങി.
ലബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
സുരക്ഷാഭീഷണിയെ തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയില്‍ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുന്‍പാണ് ഡ്രോണ്‍ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ ഏതാനും വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.
സ്ഫോടനത്തിനു പിന്നാലെ യാത്ര റദ്ദാക്കി നെതന്യാഹു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടുകാരെ കാണാതെ മടങ്ങാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.
മെറ്റൂല യാത്ര റദ്ദാക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടിട്ടില്ലെന്നാണു വിശദീകരണം. സംഭവം നടന്ന ശേഷവും സന്ദര്‍ശനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനമെന്നും സുരക്ഷാ ജീവനക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചതിനാലാണു മടങ്ങിപ്പോയതെന്നുമാണ് ന്യായീകരണം.
ഏതാനും ആഴ്ചകള്‍ക്കിടെ ഇതു രണ്ടാം തവണയാണ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. നേരത്തെ, ഇസ്രായേല്‍ തീരനഗരമായ സീസറിയയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.
സംഭവസമയത്ത് ഇസ്രായേല്‍ പ്രധാനമന്ത്രിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വസതിക്കു കേടുപാടുകള്‍ സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഞായറാഴ്ച ലബനാന്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ പ്രദേശങ്ങള്‍ നെതന്യാഹു സന്ദര്‍ശിച്ചിരുന്നു. നോര്‍ത്തേണ്‍ കമാന്‍ഡ് ഓഫീസര്‍ ജനറല്‍ ഒറി ഗോര്‍ഡിന്‍, ഡിവിഷന്‍ 91 കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഷായ് ക്ലെപര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്.
മേഖലയില്‍ രൂക്ഷമായ വ്യോമാക്രമണമാണ് ഹിസ്ബുല്ല തുടരുന്നത്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മറ്റു പ്രദേശങ്ങളിലെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ് ഇവരെ.
മേഖലയിലെ സാഹചര്യങ്ങള്‍ നെതന്യാഹു കമാന്‍ഡര്‍മാരുമായി വിലയിരുത്തി. ഹിസ്ബുല്ല ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമുള്ള പദ്ധതികളും ചര്‍ച്ച ചെയ്തതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


