യു.എ.ഇ: 20ന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനമാണോ? എങ്കില്‍ ഒരു സ്വദേശി ഉണ്ടായിരിക്കണം
|
അബൂദബി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചെറുകിട സ്ഥാപനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ കടുത്ത നിര്‍ദേശവുമായി യു.എ.ഇ ഭരണകൂടം. നേരത്തെ അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സഥാപനങ്ങളില്‍ സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിബന്ധന ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നയം. എന്നാല്‍ ഇപ്പോള്‍ അത് മാറ്റിയിരിക്കുകയാണ് എമിറേറ്റ്‌സ് ഭരണകൂടം.
പുതിയ നിയമമനുസരിച്ച് 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഈവര്‍ഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം 68,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്ന് യു.എ.ഇ തൊഴില്‍, സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതായത് രണ്ടുവര്‍ഷത്തിനകം രണ്ട് ഇമറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിച്ചിരിക്കണം. രണ്ടാംവര്‍ഷവും നിയമംലംഘിച്ചാല്‍ പിഴ 1,08,000 ദിര്‍ഹമായിരിക്കും.
ഐ.ടി, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കലവിനോദം, ഖനനം, നിര്‍മാണം തുടങ്ങിയ 14 സുപ്രധാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ക്കാണ് ഇത് ബാധകമാവുക. 50ന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമായിരുന്ന സ്വദേശിവത്കരണ നിയമം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
അതേസമയം, ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സ്വദേശിവല്‍ക്കരണ നിബന്ധന നടപ്പാക്കുകയെന്ന് കഴിഞ്ഞവര്‍ഷം യു.എ.ഇ മാനവ വിഭവ, സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞിരുന്നു.





