ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ചരിത്രം വെട്ടിമാറ്റുന്ന കാവിവല്‍ക്കരണം തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). (New NCERT textbooks: Mughals, Delhi Sultanate dropped) എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജാക്കന്മാരുടെ ചരിത്രവും ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി.
|
ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ വര്‍ഷം നടന്ന കുംഭമേളയും പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.
പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍ഇപി 2020) ഭാഗമായുള്ള നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ധാര്‍മ്മികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമെന്ന് വ്യാഖ്യാനിച്ചാണ് മുഗള്‍ ചരിത്രം വെട്ടിനിരത്തി മഗധ സാമ്രാജ്യം ഉള്‍പ്പെടുത്തിയത്.
ALSO READ: യുപിയിലെ അതിര്‍ത്തിപ്രദേശത്ത് 20 മസ്ജിദുകളും മദ്‌റസകളും തകര്‍ത്തു
രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിനുള്ളത്. ഇതിലെ ആദ്യ പുസ്തകമായ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്, പാര്‍ട്ട്-1 എന്ന പുസ്തകത്തില്‍ നിന്നാണ് മുഗള്‍ രാജാക്കന്മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്.
പാഠപുസ്തകത്തില്‍ അധ്യായങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടെ സംസ്‌കൃതം വാക്കുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ജനങ്ങള്‍ സ്ഥിരതാമസമാക്കിയ ഇടം എന്ന അര്‍ത്ഥമുള്ള ജനപഥം, പരമോന്നത ഭരണാധികാരി എന്ന വാക്കിന് പകരം സാമ്രാജ്, അധിപന്‍ എന്ന പദത്തിന് പകരം അധീരരാജ, രാജാക്കന്‍മാരുടെ രാജാവിന് പകരം രാജാധിരാജ എന്നിങ്ങനെ സംസ്‌കൃതം സ്ഥാനം പിടിച്ചു.
മുഗള്‍ ചരിത്രം ഒഴിവാക്കിയ എന്‍സിഇആര്‍ടി അധികൃതര്‍ ഗ്രീക്ക് ചരിത്രത്തിന് പാഠപുസ്തകത്തില്‍ ഇടം നല്‍കിയെന്നതും ശ്രദ്ധേയമാണ്. ഭാരതീയ പാരമ്പര്യം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാഠശകലങ്ങളും ചരിത്രവിശകലനങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് എന്‍സിഇആര്‍ടി പറയുന്നു.
2025 മഹാ കുംഭമേളയെ കുറിച്ചുളള ഭാഗങ്ങള്‍ക്കൊപ്പം മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെ പറ്റിയും ചാര്‍ധാം യാത്ര, ജ്യോതിര്‍ലിംഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പുതിയ പുസ്തകത്തിലുണ്ട്.
ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തി. ഇംഗ്ലീഷ് പുസ്തകത്തില്‍ ഇന്ത്യന്‍ എഴുത്തുകാരുടെ കഥകളും കവിതകളും ഉപന്യാസങ്ങളും കൂടുതലായി ഇടംപിടിച്ചു. ടാഗോര്‍, എപിജെ അബ്ദുള്‍ കലാം, റസ്‌കിന്‍ ബോണ്ട് എന്നിവരുടെ രചനകളും ഇതില്‍പ്പെടുന്നു. മുന്‍പത്തെ ഇംഗ്ലീഷ് പുസ്തകത്തില്‍ പതിനേഴ് രചനകളില്‍ നാലെണ്ണം മാത്രമായിരുന്നു ഇന്ത്യന്‍ എഴുത്തുകാരുടെത്. ഇത്തവണ 15ല്‍ ഒമ്പതും തദ്ദേശീയ എഴുത്തുകാരുടെതാണ്.
നേരത്തേ മൂന്നാം ക്ലാസിലേയും ആറാം ക്ലാസിലേയും പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകവും എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരിക്കുന്നത്.
നിലവില്‍ പരിഷ്‌കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ആദ്യഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം വൈകാതെ തന്നെ പുറത്തിറങ്ങും. ആ പുസ്തകത്തിലും സമാനമായ മാറ്റങ്ങളുണ്ടാകുമെന്നാണ് എന്‍സിഇആര്‍ടി വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ 10, 12 ക്ലാസ് പുസ്തകങ്ങളില്‍ നിന്നും മുഗള്‍ ചരിത്രം, ഗോധ്രാ കലാപം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.
പാഠപുസ്തകങ്ങ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്. ചരിത്രസത്യങ്ങളെ മൂടിവെക്കാനും ചരിത്രത്തെ മറ്റെന്തോ ആക്കി മാറ്റാനുമുള്ള ബിജെപിയുടെ നീക്കമാണ് ഇതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ഇത് വലിയ അപകടമായി മാറും. ബിജെപി ഭരണം നിയോ ഫാസിസമാണോ അര്‍ധഫാസിസമാണോ എന്നൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ല; അവരുടേത് ഫാസിസ്റ്റ് ഭരണം തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.


