30
Dec 2023
Sun
30 Dec 2023 Sun

വ്യാജ ആധാർകാർഡുകൾ ഉപയോ​ഗിച്ച് ഡെലിവറി ബോയി തട്ടിയെടുത്തത് 40 മൊബൈൽ ഫോണുകൾ. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. വ്യാജ ആധാർ കാർഡുകൾ നൽകി ഡെലിവറി ബോയി ആയി ജോലിക്കുകയറിയായിരുന്നു തട്ടിപ്പ്. വിതരണത്തിനു നൽകിയ മൊബൈൽ ഫോണുകളുമായി മുങ്ങിയ പ്രതിയെ ഒടുവിൽ പൊലീസ് പിടികൂടി. പ്രദീപ് സിങ്(23)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ ആധാർ കാർഡുകൾ നൽകി വിവിധ കൊറിയർ സ്ഥാപനങ്ങളിൽ ജോലിക്കു കയറിയായിരുന്നു പ്രദീപ് തട്ടിപ്പ് നടത്തിയിരുന്നത്. തുടർന്ന് വിതരണത്തിനു നൽകുന്ന മൊബൈൽ ഫോണുകളുമായി കടക്കുകയുമായിരുന്നു ഇയാളുടെ പതിവ്.

തട്ടിപ്പിനിരയായ സ്ഥാപനങ്ങൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രദീപ് കൊണ്ടുപോയ ഫോണുകളിലൊന്ന് ഓണായതാണ് ഇയാളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് ഇവിടെയെത്തി പ്രദീപിനെ പിടികൂടുകയായിരുന്നു. ഈ സമയം ഇയാളുടെ പക്കൽ 15 ഫോണുകളുണ്ടായിരുന്നു. തുടർന്ന് പ്രദീപിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 25 മൊബൈൽ ഫോണുകളും ഒരു ആപ്പിൾ വാച്ചും കണ്ടെത്തി.

കൊറിയർ കമ്പനിയിൽ ജോലിക്കു കയറിക്കഴിഞ്ഞാൽ വ്യാജ പേരിലും വിലാസത്തിലും മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓർഡർ ചെയ്യുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇവ വിതരണത്തിനായി എത്തുന്നതോടെ ഇവയുമായി കടന്നുകളയുകയായിരുന്നു പ്രദീപിന്റെ പതിവെന്ന് പൊലീസ് കണ്ടെത്തി. ഇങ്ങനെ അടിച്ചുമാറ്റുന്ന വസ്തുക്കൾ വിൽക്കുകയും ഈ പണം ഉപയോ​ഗിച്ച് ആർഭാട ജീവിതം നയിക്കുകയുമായിരുന്നു പ്രദീപിന്റെ രീതി.