25
Sep 2023
Sat
25 Sep 2023 Sat

പെലെയെ മറികടന്നു; ബ്രസീലിന്റെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരനായി നെയ്മര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയോ ഡി ജനീറോ: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരമായി മാറി നെയ്മര്‍. ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ ഇതിഹാസ താരം പെലെയുടെ റെക്കാര്‍ഡാണ് നെയ്മര്‍ മറികടന്നത്.

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് നെയ്മര്‍ റെക്കോര്‍ഡ് തിരുത്തിയത്. 77 ഗോളുകളാണ് ദേശീയ ടീമിനായി പെലെ നേടിയത്. ഇരട്ടഗോളുകളോടെ നെയ്മറിന്റെ നേട്ടം 79 ആയി. ബൊളീവിയയ്‌ക്കെതിരെ 17ാം മിനിറ്റില്‍ പെനാല്‍റ്റി പാഴാക്കിയ ശേഷമായിരുന്നു 61ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും നെയ്മര്‍ ഗോള്‍ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ മികച്ച ടീമിനെയാണ് കളത്തിലിറക്കിയത്. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ 61ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും വലകുലുക്കി. 24, 53 മിനിറ്റുകളില്‍ റോഡ്രിഗോയും ഗോള്‍ കണ്ടെത്തി. 47ാം മിനിറ്റില്‍ റാഫീന്യയും ലക്ഷ്യം കണ്ടു. ബൊളീവിയയ്ക്ക് വേണ്ടി 78ാം മിനിറ്റില്‍ വിക്ടര്‍ അബ്രെഗോ ആശ്വാസ ഗോള്‍ നേടി.

124 മത്സരങ്ങളില്‍ നിന്നാണ് നെയ്മറിന്റെ ചരിത്ര നേട്ടം. 62 ഗോളുകള്‍ നേടിയ റോണാള്‍ഡോയാണ് ഗോള്‍ നേട്ടത്തില്‍ മൂന്നാമത്.