17
Jan 2025
Mon
17 Jan 2025 Mon
Israeli Prisoners’ Release

ഗസ സിറ്റി: തീമഴ പെയ്യുന്ന ബോംബര്‍ വിമാനങ്ങളുടെയും ഡ്രോണുകളുടെയും ഇരമ്പം മാത്രം കേട്ടിരുന്ന ഗസയുടെ തെരുവില്‍ വീണ്ടും ആഹ്ലാദാരവം. (Al-Qassam Brigades Release Footage of Israeli Prisoners’ Release) തെരുവുകള്‍ കൈയടക്കി വീണ്ടും തോക്കേന്തിയ അല്‍ ഖസ്സാം പോരാളികള്‍. തക്ബീര്‍ വിളിച്ച് പ്രോല്‍സാഹനവുമായി ജനം. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ട ബന്ദി കൈമാറ്റ വീഡിയോയിലെ ദൃശ്യങ്ങള്‍ ഇസ്രായേലിനെ മാത്രമല്ല, ലോകത്തെയും അമ്പരപ്പിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്തല്‍ – ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മൂന്ന് വനിതകളെ കൈമാറാനെത്തിയത് ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് അംഗങ്ങളായിരുന്നു. ബന്ദി കൈമാറ്റം നടക്കുന്ന സെന്‍ട്രല്‍ ഗസാ സിറ്റിയിലെ സരായ സ്‌ക്വയറില്‍ തടിച്ചുകൂടിയ ഫലസ്തീനികളുടെ ഇടയിലേക്ക് കാറുകളില്‍ ആയുധങ്ങളേന്തിയാണ് അല്‍ ഖസ്സാം ബ്രിഗേഡ് അംഗങ്ങള്‍ എത്തിയത്.

നൂറുകണക്കിന് ഗസക്കാര്‍ ബന്ദികളുമായെത്തിയ വാഹനങ്ങള്‍ക്ക് ചുറ്റുംകൂടി. കാറില്‍നിന്ന് മൂന്ന് വനിതാ ബന്ദികള്‍ പുറത്തിറങ്ങി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ വാഹനത്തില്‍ കയറി. യുവതികള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് ഉറപ്പുവരുത്തി. ബന്ദികളായ ഡോറണ്‍ സ്റ്റെയിന്‍ ബ്രച്ചര്‍ (31), ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെന്‍ (24) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.

ALSO READ: ബന്ദി കൈമാറ്റത്തിന് പിന്നാലെ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; വിട്ടയച്ചത് 90 സ്ത്രീകളെ

പുഞ്ചിരിച്ച് കൊണ്ട് വാഹനത്തിലിരിക്കുന്ന ബന്ദികള്‍ തികച്ചും ആരോഗ്യവതികളായിരുന്നു. ഖസ്സാം പോരാളികള്‍ മൂന്നു പേര്‍ക്കും സമ്മാനങ്ങള്‍ കൈമാറി.

PRISONER RELEASE CERTIFICATE

പേര് വിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റും ബന്ദന കാലത്തെ ഫോട്ടോകളും സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ പേരില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദിയുടെ പേര്, തിരിച്ചറിയല്‍ നമ്പര്‍, ജനന തിയ്യതി, പാര്‍പ്പിച്ചിരുന്ന സ്ഥലം, വാസ സ്ഥലം, ജോലി സ്ഥലം, ബന്ദിയാക്കപ്പെട്ട തിയ്യതി, മോചിപ്പിക്കപ്പെട്ട തിയ്യതി എന്നിവ രേഖപ്പെടുത്തിയിരുന്നു.

ബന്ദികളെ ഒളിപ്പിച്ചതെവിടെ?
ഇത്രയും കാലം ഇവരെ എവിടെയാണ് സുരക്ഷിതമായി പാര്‍പ്പിച്ചതെന്ന അമ്പരപ്പിലാണ് ഇസ്രായേല്‍. ഒരു വര്‍ഷത്തിലേറെ കൊച്ചു ഗസയുടെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി ഇളക്കിമറിച്ചിട്ടും ഒരാളെ പോലും കണ്ടെത്താന്‍ ഇസ്രായേല്‍ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. ബന്ദികളെ മുഴുവന്‍ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീരവാദങ്ങള്‍ വെറും പൊയ് വെടിയായി. ഗസ പട്ടിണിയിലും ദുരിതത്തിലും മുങ്ങി നില്‍ക്കുമ്പോഴും ബന്ദികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഹമാസ് ഒരുക്കിയിരുന്നുവെന്നാണ് അവരുടെ ആരോഗ്യ സ്ഥിതിയില്‍ നിന്ന് വ്യക്തമാവുന്നത്.

ബന്ദികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ ഇസ്രായേല്‍ ധൃതി കൂട്ടിയത് ഹമാസിന്റെ സന്ദേശ കൈമാറ്റങ്ങള്‍ പിടിച്ചെടുത്തു ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍, ഇസ്രായേലിന്റെ പ്രകോപനത്തിലും ഭീഷണിയിലും വീഴാതെ പഴുതടച്ച സുരക്ഷ ഒരുക്കിയാണ് ബന്ദികളെ പോരാളികള്‍ പുറത്തെത്തിച്ചത്.

ഫലസ്തീന്‍ മാധ്യമങ്ങളടക്കം മേഖലയിലെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ ഇതിന്റെ ബന്ദി കൈമാറ്റത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു. എക്‌സിലൂടെയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹമാസിനും അല്‍ ഖസ്സാം ബ്രിഗേഡിനും ജനങ്ങള്‍ക്കിടയിലുള്ള മതിപ്പ് ഒട്ടു കുറഞ്ഞിട്ടില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മുമ്പ് ഇസ്രായേലി തടവുകാരെ മോചിപ്പിച്ചപ്പോള്‍ ബന്ദി കൈമാറ്റ ദൃശ്യങ്ങള്‍ ഹമാസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

90 ഫലസ്തീന്‍കാരെ ഇസ്രായേല്‍ മോചിപ്പിച്ചു.
പകരമായി 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്റായേലും മോചിപ്പിച്ചു. ഫലസ്തീന്‍ പാര്‍ലമെന്റ് അംഗവും ഇടതുപക്ഷ പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ (പി.എഫ്.എല്‍.പി) നേതാവുമായ ഖാലിദാ ജറാര്‍ ഉള്‍പ്പെടെയുള്ളവരും മോചിതരായവരില്‍ ഉള്‍പ്പെടും.

ഇസ്റായേല്‍ ജയിലില്‍വച്ച് റെഡ്ക്രോസിന് കൈമാറിയ തടവുകാരെ ഇസ്റാഈല്‍ കൈയടക്കിവച്ചിരിക്കുന്ന വെസ്റ്റ് ബാങ്ക് പട്ടണായ ബെയ്തുനിയയില്‍ വച്ച് ബന്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. പടക്കം പൊട്ടിച്ചും ജയ് വിളിച്ചുമാണ് ഫലസ്തീനികള്‍ ഇവരെ വരവേറ്റത്.

ഫലസ്തീനി പതാക വീശിയും കഫിയ ധരിച്ചും റോഡിന് ഇരുവശത്തും ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ആദ്യഘട്ടത്തില്‍ 33 ഇസ്റായേലി ബന്ദികള്‍ക്ക് പകരമായി ആയിരം ഫലസ്തീന്‍ തടവുകാരുടെ മോചനം ഇത്തരത്തില്‍ സാധ്യമാക്കുകയെന്നത് കരാറിലെ വ്യവസ്ഥയാണ്.

വിട്ടയക്കുന്നവരില്‍ 69 പേര്‍ സ്ത്രീകളും 21 പേര്‍ കുട്ടികളുമാണ്. ഇതില്‍ 12 പേര്‍ 19 വയസ്സിന് താഴെയുള്ളവരാണ്.