ന്യൂഡല്‍ഹി: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ ഹരജി സുപ്രിം കോടതി വെള്ളിയാഴ്ച്ച
പരിഗണിക്കും. (NIA appeal against bail granted to 17 Popular Front activists in Kerala to be considered tomorrow) 17 പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീല്‍ ആണ് സുപ്രിം കോടതി പരിഗണിക്കുന്നത്.
|
ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കാതെ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നു സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ച 9 പ്രതികളും ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അപ്പീലുകളും ജാമ്യം നല്‍കിയതിന് എതിരായ എന്‍ഐഎ അപ്പീലും ഒരുമിച്ചു പരിഗണിക്കാനാണ് സുപ്രിം കോടതി തീരുമാനം.
2022 ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്.
സുബൈര്‍ കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രതിചേര്‍ത്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി അറസ്റ്റ് ചെയ്യപ്പെട്ടവരെ പിന്നീട് ശ്രീനിവാസന്‍ വധക്കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു.





