03
Aug 2025
Sun
03 Aug 2025 Sun
NIA court revokes attachment of properties linked to PFI

പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ആറ് വസ്തുക്കളും ഒരു ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി. 2022ല്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടും പോപുലര്‍ ഫ്രണ്ട് രാജ്യദ്രോഹ നടപടികള്‍ നടത്തിയെന്നും ആരോപിച്ചെടുത്ത കേസിലാണ് ഈ വസ്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ട്രസ്റ്റ്, ഹരിതം ഫൗണ്ടേഷന്‍ പൂവന്‍ചിറ, പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ആലുവ, വള്ളുവനാട് ട്രസ്റ്റ് പാലക്കാട്, ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ്(കാസര്‍കോട്), സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ ബാങ്ക് അക്കൗണ്ട് എന്നിവ കണ്ടുകെട്ടിയ നടപടിയാണ് റദ്ദാക്കിയത്.
കണ്ടുകെട്ടിയ 10 വസ്തുവകകള്‍ ഈവര്‍ഷം ജൂണില്‍ വിട്ടുകൊടുത്തിരുന്നു. മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ ട്രസ്റ്റുകളും വിവിധ വ്യക്തികളുടെ വസ്തുക്കളുമാണ് വിട്ടുകൊടുത്തത്.

പോപുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎ എടുത്ത കേസുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി ട്രസ്റ്റികളും നിരവധി വ്യക്തികളും എന്‍ഐഎ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് നേരിട്ട ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കണ്ടുകെട്ടല്‍ നടപടി റദ്ദാക്കിയത്. അഭിഭാഷകനായ പി സി നൗഷാദ് ആണ് ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കണ്ടുകെട്ടിയ 17 വസ്തുവകകളാണ് ഇതുവരെ വിട്ടുനല്‍കിയിട്ടുള്ളതെന്ന് പി സി നൗഷാദ് പറഞ്ഞു.

പിഎഫ്‌ഐ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്ക് പണം അയച്ചുനല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എസ്ഡിപിഐയുടെ ഡല്‍ഹിയിലെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടിയത്. എന്നാല്‍ പണം സ്വീകരിച്ചയാള്‍ ഓഫിസിലെ ഡ്രൈവറായിരുന്നുവെന്നും എല്ലാ മാസവും ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ തെളിവുസഹിതം ബോധിപ്പിച്ചു.

ALSO READ: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി റദ്ദാക്കി, ജപ്തി റദ്ദാക്കിയതില്‍ മഞ്ചേരി ഗ്രീന്‍വാലിയും | Full List

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക