ന്യൂഡൽഹി: ജമ്മു കശ്മിരിൽ നിരോധിതസംഘടനയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായ മുൻ DySP ദേവേന്ദർ സിങ്ങിൽനിന്ന് മൂന്നുവാഹനങ്ങൾ എൻ.ഐ.എ കണ്ടെടുത്തു. രണ്ട് ഹുണ്ടായി കാർ, മാരുതി 800 കാർ എന്നിവയാണ് പിടിച്ചെടുത്തത്. ഇയാൾ ഈ വാഹനങ്ങൾ ഉപയോഗിച്ച് ജമ്മുകശ്മീരിൽ കൂടുതൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും എൻ.ഐ.എ പറഞ്ഞു. യു.എ.പി.എ പ്രകാരമാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
|
2020 ജനുവരി 11നാണ് ജമ്മുകശ്മീർ ദേശീയപാതയിൽ വച്ച് ഹിസ്ബ് ഭീകരർക്കൊപ്പം ദേവേന്ദർ സിങ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഹുണ്ടായ് കാറിൽ തോക്കുകളും വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഭീകരർക്കൊപ്പം ദേവേന്ദർ പിടിയിലായത്. ജനുവരി 17ന് തന്നെ കേസ് എൻ.ഐ.എക്ക് വിട്ടു. തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യംചെയ്യലിൽ സിങ് സമ്മതിച്ചിരുന്നു.
കേസിൽ സിങ് അടക്കം ആറുപേർക്കെതിരേ 3064 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. വർഷങ്ങളായി ഹിസ്ബ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുമായി കൂട്ടുചേർന്ന് ദേവേന്ദർ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി ഏജൻസി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ദേവേന്ദറിനെ പൊലിസ് സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2001 ഡിസംബർ 13ന് നടന്ന പാർലമെന്റ് ആക്രമണ കേസിൽ വധശിക്ഷയ്ക്കിരയായ അഫ്‌സൽ ഗുരുവിനെ എത്തിച്ചതും ദേവേന്ദർ സിങ് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.



