കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്നും നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
|
മെഡിക്കല്‍ കോളജില്‍ 21 പേരാണ് ഐസലേഷനിലുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐഎംസിഎച്ചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പര്‍ക്കവിവരങ്ങള്‍ ഇന്ന് ലഭ്യമാകും. മുപ്പതാംതീയതി മരിച്ച വ്യക്തിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദ്യം മരിച്ചയാള്‍ക്ക് എങ്ങനെ അസുഖം വന്നെന്നു കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും. ഇരുപത്തിരണ്ടാം തീയതിക്കടുത്താവണം അദ്ദേഹത്തിനു രോഗം വന്നത്. അതിനു മുമ്പുള്ള ദിവസങ്ങളിലെ യാത്രയും മറ്റുമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിലൂടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.





