സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന തനിക്കെതിരായ ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അവരെ അറിയില്ലെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു.
|
സിനിമയില്‍ ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ടെന്നും ഇനിയും വന്നുകൊണ്ടേയിരിക്കുമെന്നും ആരെങ്കിലും പ്രതികരിച്ച് തുടങ്ങേണ്ടത് അനിവാര്യമാണെന്നും നിവിന്‍ പോളി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ പഴുതടച്ച അന്വേഷണം നേരിടുമെന്ന് നടന്‍ വ്യക്തമാക്കി. ഒരു മാസം മുമ്പ് ഊന്നുകല്ല് പോലീസ് സ്റ്റേഷനില്‍ നിന്ന് സിഐ വിളിച്ചിരുന്നതായി നിവിന്‍ പറയുന്നു. ഇങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നതായും ഇതോടെ പോലീസ് അടിസ്ഥാനരഹിതമായ പരാതിയായിരിക്കാമെന്നാണ് തന്നോട് പറഞ്ഞതെന്നും നിവിന്‍ വെളിപ്പെടുത്തി.
ജനശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ യുവതി ശ്രമിക്കുന്നതെന്നാണ് പോലീസും നിയമവിദഗ്ധരും തന്നോട് പറഞ്ഞതെന്നും ഇതിനാലാണ് അന്ന് പരാതിക്കെതിരേ പരാതി നല്‍കാന്‍ താനന്ന് മുതിരാതിരുന്നതെന്നും നിവിന്‍ പോളി മാധ്യമങ്ങളോടു പറഞ്ഞത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു.
പ്രതികളില്‍ ഒരാളെ അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധമില്ല. സിനിമ ചെയ്യുന്നതിന് പണം കടം നല്കുന്ന വ്യക്തിയാണതെന്നും താരം വ്യക്തമാക്കി. ഒന്നാം പ്രതിയെ പറ്റി വിവരം ഇല്ലെന്നും ഈ സ്ത്രീയുടെ കാര്യങ്ങള്‍ ഒന്നുമറിയില്ലെന്നും നിവിന്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ നിര്‍മാതാവ് എകെ സുനിലിനെ ദുബൈയില്‍ വച്ച് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ലെന്ന് നിവിന്‍ പറയുന്നു. പരാതിയില്‍ നിവിന്‍ പോളിയെ ആറാം പ്രതിയാക്കിയാണ് ഊന്നുകല്ല് പോലീസ് കേസെടുത്തിരിക്കുന്നത്.


