13
May 2024
Mon
13 May 2024 Mon
northern lights ladak

ലഡാക്ക്: യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി ആദ്യമായി ഇന്ത്യയിലും. വെള്ളിയാഴ്ച രാത്രി ലഡാക്കിന്റെ ആകാശമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സില്‍ വര്‍ണാഭമായത്. സൗര കൊടുങ്കാറ്റിന്റെ പ്രതിഫലനമായ ധ്രുവ ദീപ്തി കാഴ്ച്ചയ്ക്ക് മനോഹരമെങ്കിലും അത് എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് വിദഗ്ധര്‍. ( northern lights in india )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വര്‍ഷത്തിനിടെ സൂര്യനില്‍ നിന്നുണ്ടായ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ് ഇന്ത്യയുടെ ചക്രവാളത്തെ ചുവപ്പിച്ചത്. ചാര്‍ജ് കണങ്ങളുടെ മഹാപ്രവാഹമാണ് സൗര കൊടുങ്കാറ്റ്. സൂര്യകളങ്കം അഥവാ സണ്‍സ്പോട്ട് എന്ന പേരില്‍ സൂര്യനിലുണ്ടാകുന്ന കാന്തമണ്ഡലച്ചുഴികളാണ് ഇതിന് കാരണം. 11 വര്‍ഷ ഇടവേളയില്‍ ഇവ വര്‍ധിക്കുന്നത് കാണാം. ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സൂര്യകളങ്കത്തിന് ഭൂമിയുടെ 15 മടങ്ങ് വലുപ്പമുണ്ട്. പേര് AR3664.

അതിവേഗം സഞ്ചരിക്കുന്ന ചാര്‍ജ് കണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ചേരുമ്പോഴാണ് ധ്രുവദീപ്തി പ്രകടമാകുന്നത്. ഓസ്ട്രിയ, ജര്‍മനി, സ്ലൊവാക്യ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മുമ്പ് ഇത് ദൃശ്യമായിട്ടുണ്ട്. ലഡാക്കിലെ ധ്രുവദീപ്തി പകര്‍ത്തിയത് ഹാന്‍ലി ഡാര്‍ക് സ്‌കൈ റിസര്‍വിലെ വാനനിരീക്ഷകരാണ്.

ധ്രുവദീപ്തി കാണാന്‍ മനോഹരമെങ്കിലും സൗരകാന്തികവാതം ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല. ഉപഗ്രഹ, റോഡിയോ സിഗനലുകള്‍ തടസ്സപ്പെടും. ഇന്റര്‍നെറ്റ്, വിമാനസര്‍വീസുകള്‍, ജിപിഎസ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെയൊക്കെ ഇത് ബാധിക്കാം. ഇന്നലെ ഏഷ്യ, യൂറോപ്പ്, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ട് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും ശക്തമായ സൗരവാതം 1859-ലെ കാരിംഗ്ടണ്‍ ഇവന്റ് ആണ്. മുമ്പ് സൗര കൊടുങ്കാറ്റ് പല രാജ്യങ്ങളുടെയും വൈദ്യുതി ബന്ധം തകരാറിലാക്കി പൂര്‍ണ ഇരുട്ടിലാക്കിയിരുന്നു.