28
Apr 2025
Sun
28 Apr 2025 Sun
Om Prakash murder

വിരമിച്ച കര്‍ണാടക ഡിജിപി ഓം പ്രകാശിന്റെ കൊലപാകതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ ഡിവൈഎസ്പിയും ഭാരതീയ ജനശക്തി കോണ്‍ഗ്രസ് നേതാവുമായ അനുപമ ഷേണായി. (Om Prakash murder: Former Dy.SP Anupama Shenoy suspects role of PFI ) മംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നിലവില്‍ ഉഡുപ്പിയില്‍ അഭിഭാകയായ അനുപമ ഈ ആവശ്യമുന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട റിട്ടയേഡ് ഡിജിപിക്ക് പിഎഫ്‌ഐ ബന്ധമുണ്ടെന്ന് ഭാര്യ പല്ലവി വാട്‌സാപ്പ് ചാറ്റില്‍ വെളിപ്പെടുത്തിയിരുന്ന കാര്യം ഷേണായി ചൂണ്ടിക്കാട്ടി.

സിദ്ധാരാമയ്യുടെ ഭരണകാലത്ത് പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെ പോലീസ് സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നോ എന്നതും പിഎഫ്‌ഐ അംഗങ്ങളെ ഡിപാര്‍ട്ട്‌മെന്റിലെത്തിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്നതും അന്വേഷിക്കണമെന്ന് ഷേണായി ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ കൊന്നത് താനാണെന്ന പല്ലവിയുടെ മൊഴി വിശ്വസിക്കുന്നതിന് പകരം കൊലപാതകത്തില്‍ പിഎഫ്‌ഐയുടെ പങ്കിനെകുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ALSO READ: കര്‍ണാടക മുന്‍ പോലീസ് മേധാവി കൊല്ലപ്പെട്ടത് കുത്തേറ്റ്; ഭാര്യയെയും മകളെയും ചോദ്യംചെയ്യുന്നു

ബല്ലാരി ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി പിടി രാമേശ്വര്‍ നായികുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് 2010ല്‍ അനുപമ ഷേണായി രാജിവച്ചത്. രാജിയെ തുടര്‍ന്ന് താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും പ്രകാശിനെക്കുറിച്ച് പരാതി നല്‍കിയിരുന്നുവെന്നും ഷേണായി അവകാശപ്പെട്ടു.

പ്രകാശുമായും മറ്റു രണ്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ഒരു ഓഡിയോ ഫയല്‍ തുടര്‍ന്ന് താന്‍ പുറത്ത് വിട്ടിരുന്നു. ഇതേക്കുറിച്ച് ആ സമയത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ പ്രകാശ് ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കൊല നടത്തിയത് താനാണെന്ന ഓംപ്രകാശിന്റെ ഭാര്യ പല്ലവിയുടെ മൊഴി വിശ്വസിക്കുന്നതിനാവശ്യമായ സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ പല്ലവിയെയും മകളെയും ഭീഷണിപ്പെടുത്തിയാണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടര്‍ന്ന് അവര്‍ ഭാര്യയെ കുറ്റസമ്മതം നടത്താനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ‘ഞാന്‍ ആ രാക്ഷസനെ കൊന്നു’ എന്ന് സന്ദേശം അയക്കാനും നിര്‍ബന്ധിച്ചു എന്നും അനുപമ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ ഓം പ്രകാശിന്റെ മകന്‍ അമ്മക്കും സഹോദരിക്കും ഒപ്പം നില്‍ക്കണമെന്നും അനുപമ ഷേണായ് പറഞ്ഞു.

ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഡിജി-ഐജിപി അശോക് മോഹന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പല്ലവിയുടെയും മകളുടെയും മാനസികാരോഗ്യത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ താന്‍ നിരീക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകള്‍ക്കനുസൃതമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആ രാക്ഷസനെ താന്‍ കൊന്നു എന്ന് പല്ലവി മറ്റൊരു പൊലീസ് ഓഫിസര്‍ക്ക് അയച്ചതായി പറയുന്ന വാട്‌സ്ആപ് സന്ദേശം അടിസ്ഥാനമാക്കിയാണ് അവരെ പൊലീസ് പ്രതിയാക്കിയത്. അതേസമയം ഈ വിഷയത്തില്‍ തന്റെ മകള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി പറഞ്ഞ അമ്മയെ പൊലീസ് വിശ്വസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷേണായി ആരാഞ്ഞു.

നിരോധിത സംഘടനയുടെ പങ്കാളിത്തം സംബന്ധിച്ച് എന്‍ഐഎ സമഗ്രമായി അന്വേഷിക്കണം. അവരുടെ പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് മതിയായ തെളിവുകള്‍ ഉണ്ട്. തനിക്ക് അത് 100 ശതമാനം തെളിയിക്കാന്‍ കഴിയുമെന്ന് അനുപമ അവകാശപ്പെട്ടു.