28
Apr 2024
Wed
28 Apr 2024 Wed

വിദ്വേഷം ചുരത്തിയ മോദിക്ക് പ്രിയങ്കയുടെ മാസ് മറുപടി; എന്റെ അമ്മയുടെ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും കെട്ടുതാലിവരെ എടുത്ത് കൊടുക്കുമെന്ന് വിദ്വേഷം പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാസ് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രായങ്കാഗാന്ധി.

രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്കാഗാന്ധി ചോദിച്ചു.

എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക ബെംഗളൂരുവില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍വന്നപ്പോള്‍ രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്‌ലിംകള്‍ക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിര്‍ഥം അവര്‍ ഈ സ്വത്തുക്കള്‍ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മാത്രമല്ല, അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

On PM’s Mangalsutra Remark, Priyanka Gandhi Points To Mother, Grandmother