പാലക്കാട്: ജമ്മു കശ്മീരിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. സൗറയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജ് മാധവൻ ആണ് മരിച്ചത്. ഇന്നു രാവിലെ, മനോജ് മരിച്ച വിവരം നോർക്ക ഓഫീസ് മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
|
ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് നേരത്തേ മരിച്ചത്. സോനം മാർഗിലേക്ക് പോകുകയായിരുന്ന വിനോദയാത്രാസംഘത്തിന്റെ കാർ ശ്രീനഗറിലെ സോജില പാസിനു സമീപം കൊക്കയിലേക്ക് മറിയുകയായിരുന്നു. മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മുകശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി സുഹൃത്തുക്കളായ ഇവർ യാത്രകൾ നടത്തുന്നുണ്ട്. കുറി ചേർന്നായിരുന്നു യാത്രയ്ക്കുള്ള പണം സ്വരൂപിച്ചിരുന്നത്. സോനാമാർഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസിൽ സ്കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





