02
Sep 2023
Sun
02 Sep 2023 Sun

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: EVM വാങ്ങാന്‍ 10,000 കോടി വേണം; തീരുമാനിക്കാനുള്ള എട്ടംഗസമിതിയിലേക്കില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ബിജെപി മുന്നോട്ടുവച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്’ ചെലവഴിക്കേണ്ടത് ഭീമമായ തുക. 2015ല്‍ പാര്‍ലമെന്റിന്റെ നിയമ, പേഴ്‌സണല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച കണക്കുപ്രകാരം ലോക്‌സഭ, നിയമസഭ എന്നിവിടങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) മാത്രം 9284.15 കോടി രൂപയാണ് ആവശ്യമായി വരിക. ഇത് അന്നത്തെ കണക്കാണ്. ഇപ്പോള്‍ ഇതിനെക്കാള്‍ കൂടുതല്‍ പണം വേണ്ടിവരും. 2014, 2019വരെ തെരഞ്ഞെടുപ്പിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത് 5814.29 കോടിരൂപ മാത്രമായിരുന്നു. ചെലവുചുരുക്കല്‍ എന്ന വാദം ഉര്‍ത്തിയാണ് കേന്ദ്രം തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതെങ്കിലും ഇത് കൂടുതല്‍ പണം ആവശ്യമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നാണ് കണക്ക്.

ഇവിഎം, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍, ഓഡിറ്റ് ട്രയല്‍ മെഷീന്‍ തുടങ്ങിയവ വന്‍തോതില്‍ വാങ്ങേണ്ടി വരുമെന്നും പതിനഞ്ചുവര്‍ഷം കാലാവധിയുള്ള ഇവിഎമ്മുകള്‍ മൂന്നുതവണമാത്രം ഉപയോഗിക്കുന്നത് ചെലവ് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.പി റാവത്തും ഇത് ശരിവയ്ക്കുന്നു.

2015ല്‍ വിഷയം പഠിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ അതില്‍ അംഗമായിരുന്നു റാവത്ത്. കുറഞ്ഞത് മുപ്പതു ലക്ഷം ഇവിഎമ്മുകളും വിവിപാറ്റുകളും വേണം. ഭരണഘടനാ, ജനപ്രാതിനിധ്യ നിയമഭേദഗതി വേണ്ടിവരും. നിലവില്‍ ലോകത്തുള്ളതില്‍ ചെലവ് കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍. ഒരു വോട്ടിന് ഒരു ഡോളര്‍ മാത്രമാണിതെന്ന് റാവത്ത് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നാലുമാസമെങ്കിലും വേണ്ടിവരുമെന്ന് മറ്റൊരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ ടി.എസ് കൃഷ്ണമൂര്‍ത്തിയും പറഞ്ഞു. അടുത്തവര്‍ഷം നടത്തുക അതികഠിനമാണെന്ന് ഇവിഎമ്മുകളുടെ സാങ്കേതികസമിതി അംഗം പ്രൊഫ. രജത് മൂനയും വ്യക്തമാക്കി. 6 മുതല്‍7 ലക്ഷം വരെ ഇവിഎമ്മുകള്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌വരെ കമീഷന്റെ പക്കലുള്ളത് 13.06 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റും (സിയു) 17.77 ലക്ഷം ബാലറ്റും മാത്രമാണെന്ന് കേന്ദ്രമന്ത്രി പ്രഹഌദ് ജോഷി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

കേന്ദ്രസേനയെ രാജ്യത്തെമ്പാടും ഒരേസമയം നിയോഗിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയുമുണ്ട്. എന്നാല്‍, മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കുന്നതിന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായി എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ധനകാര്യ കമീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, വിജിലന്‍സ് മുന്‍ കമീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ സമിതിയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ചു.