
Online Fraud: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന കാലമാണ്. ഡിജിറ്റല്‍ അറസ്റ്റ് വഴി നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. മൊബൈലില്‍ കോള്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ച് സര്‍ക്കാര്‍ വ്യാപകമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
![]() |
|
ഇത്തരത്തില്‍ തട്ടിപ്പുമായെത്തിയ ഒരുത്തനെ അതിവിഗ്ധമായി പറ്റിച്ച് 10,000ലേറെ രൂപ സ്വന്തമാക്കിയ വിരുതന്റെ കഥയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള യുവാവ് ആണ് ഈ ്’കടുവയെ പിടിച്ച കിടുവ’.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഭൂപേന്ദ്ര സിംഗിന് ഒരു കോള്‍ വന്നത്. മറുവശത്ത് കോളിലുണ്ടായിരുന്ന വ്യക്തി വളരെ ഗൗരവത്തില്‍ താന്‍ ഒരു സിബിഐ ഓഫീസര്‍ ആണെന്ന് ഭൂപേന്ദ്രയെ അറിയിച്ചു. ഭൂപേന്ദ്രയുടെ അശ്ലീല വീഡിയോകള്‍ അവരുടെ പക്കലുണ്ടെന്നും, ഇതിനകം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിളിക്കുന്ന ആള്‍ തട്ടിപ്പുകാരന്‍ ആണെന്നു ഭൂപേന്ദ്രയ്ക്ക് മനസിലായി. എന്നാല്‍, ഇത് പുറത്ത് കാണിക്കാതെ പരിഭ്രാന്തി അഭിനയിച്ച ഭൂപേന്ദ്ര വിവരം അമ്മയെ അറിയിക്കരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നും അറിയിക്കുകയായിരുന്നു.
ALSO FRAUD: തിയേറ്ററുകള്‍ ഹൗസ് ഫുള്‍ ആയ ആ കാലം; ഒരു മലയാള ചിത്രം നിറഞ്ഞോടിയത് 404 ദിവസം; ആദ്യ 10 ചിത്രങ്ങള്‍ ഇവയാണ്
കേസ് അവസാനിപ്പിക്കാന്‍ 16,000 രൂപയായിരുന്നു തട്ടിപ്പുകാരന്റെ ആവശ്യം. ഭൂപേന്ദ്രയെ വിശ്വസിപ്പിക്കാനായി തട്ടിപ്പുകാരന്‍ കേസിന്റെ ഒരു വ്യാജ എഫ്‌ഐആര്‍ പകര്‍പ്പും അയച്ചുകൊടുത്തു.
പണം നല്‍കാമെന്ന് സമ്മതിച്ച ഭൂപേന്ദ്ര സിംഗ് തന്റെ കൈയ്യില്‍ ഇത്രയും പണമില്ലെന്നും, താന്‍ ഒരു സ്വര്‍ണ മാല പണയം വച്ചിട്ടുണ്ടെന്നും തട്ടിപ്പുകാരനെ അറിയിച്ചു. ഈ മാല തിരിച്ചെടുക്കാന്‍ 3000 രൂപ ആവശ്യമാണെന്നും വ്യക്തമാക്കി.
ഇതില്‍ വീണ തട്ടിപ്പുകാരന്‍ ഭൂപേന്ദ്രയ്ക്ക് 3000 രൂപ അയച്ചുകൊടുത്തു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തട്ടിപ്പുകാരന്റെ കോള്‍ വന്നപ്പോള്‍, തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സ്വര്‍ണം തിരിച്ചെടുക്കാനാവുന്നില്ലെന്ന് ഒഴിവ് കഴിവ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ജ്വല്ലറി ഉടമയോട് തന്റെ പിതാവായി അഭിനയിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇപ്പുറത്ത് ജ്വല്ലറിക്കാരനായി അഭിനയിക്കാന്‍ തന്റെ സുഹൃത്തിനെ ചട്ടംകെട്ടിയിരുന്നു. തുടര്‍ നടപടികള്‍ക്ക് 4,480 രൂപ കൂടി വേണമെന്ന് ഭൂപേന്ദ്രയുടെ സുഹൃത്ത് തട്ടിപ്പുകാരനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഈ തുകയും അയാള്‍ അയച്ചുകൊടുത്തു.
മാര്‍ച്ച് 10 ന് തട്ടിപ്പുകാരന്‍ വീണ്ടും ഭൂപേന്ദ്രയെ വിളിച്ചു. മാല വില്‍ക്കേണ്ടതില്ലെന്നും പണയം വച്ചാല്‍ 1,10,000 രൂപ ലഭിക്കുമെന്നും ഭൂപേന്ദ്ര തട്ടിപ്പുകാരനോട് പറഞ്ഞു. വീണ്ടും ജ്വല്ലറി സുഹൃത്തിനെ വിഷയത്തില്‍ ഇടപെടുവിച്ചു. പണയം വെയ്ക്കുന്നതിന് 3,000 രൂപ കൂടി പ്രോസസിംഗ് ഫീസ് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ക്ഷുഭിതന്‍ ആയെങ്കിലും തട്ടിപ്പുകാരന്‍ 3000 രൂപ കൂടി അയച്ചു നല്‍കി.
ഇതോടെ തട്ടിപ്പുകാരനില്‍ നിന്ന് ഭൂപേന്ദ്ര നേടിയെടുത്തത് 10,480 രൂപയാണ്. പിന്നീടും ഭൂപേന്ദ്ര ഒഴിവുകഴിവുകള്‍ പറയാന്‍ തുടങ്ങിയതോടെയാണ് താനാണ് കബളിക്കപ്പെട്ടതെന്നു തട്ടിപ്പുകാരന്‍ തിരിച്ചറിഞ്ഞത്.
ഇതോടെ തട്ടിപ്പുകാരന്‍ ഭീഷണി സ്വരം മാറ്റി ക്ഷമാപണവും അപേക്ഷയുമായി. ‘നീ എന്നോട് തെറ്റ് ചെയ്തു. ദയവായി എന്റെ പണം തിരികെ തരൂ.’ എന്നായി. ഇതോടെ ഭൂപേന്ദ്ര കോള്‍ കട്ടു ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഭൂപേന്ദ്ര പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിവരിച്ചു. തട്ടിപ്പുകാരനില്‍ നിന്ന് താന്‍ നേടിയ പണം, അര്‍ഹരായ ആര്‍ക്കെങ്കിലും സംഭാവന ചെയ്യുമെന്ന് ഭൂപേന്ദ്ര പോലീസിനെ അറിയിച്ചു.