23
Sep 2022
Wed
23 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ വാദം കേട്ട് സുപ്രിംകോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാൻശു ധുലിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഒരു സമുദായം മാത്രമാണ് മതപരമായ വസ്ത്രം ധരിച്ച് വരുന്നതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.

 

എന്നാൽ, രുദ്രാക്ഷവും കുരിശും അടക്കമുള്ളവ ധരിച്ച് വിദ്യാർഥികൾ വരുന്നുണ്ടെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ ദേവദത്ത് കാമത്ത് അറിയിച്ചു. രുദ്രാക്ഷവും കുരിശും വസ്ത്രത്തിന് അടിയിലാണ് ധരിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ വാദം. എന്നാൽ പുറത്തുകാണുന്നുണ്ടോ ഇല്ലേ എന്നതിന് പ്രസക്തിയില്ലെന്ന് കാമത്ത് മറുപടി നൽകി.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാറിന്റെ ഉത്തരവ് വിദ്യാർഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിലക്ക് മതം ആചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നില്ലെന്നും വിഷയത്തിൽ കോളജ് കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാമെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. സർക്കാർ തന്നെ ഹിജാബ് മതാചാരമല്ലെന്ന് പറഞ്ഞാൽ പിന്നെ കോളജ് അധികൃതർ അതിൽനിന്ന് ഭിന്നമായി എങ്ങനെ തീരുമാനമെടുക്കുമെന്നും കാമത്ത് ചോദിച്ചു.

 

ഹിജാബ് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിലുടെ സംസ്ഥാനം 19, 21, 25 ആർട്ടിക്കിളുകൾ പ്രകാരം വിദ്യാർഥികൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കുകയാണ്. യൂണിഫോം നിർബന്ധമാക്കുന്നതിന് താൻ എതിരല്ല. യൂണിഫോം ധരിച്ചിട്ടും ഹിജാബ് ധരിക്കാൻ കുട്ടികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം പറയുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. ഹിജാബ് ആർട്ടിക്കിൾ 25ന്റെ പരിധിയിൽ വരില്ലെന്ന സർക്കാർ വാദം ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും കാമത്ത് വ്യക്തമാക്കി.