ന്യൂദല്‍ഹി: ഓപറേഷന്‍ സിന്ദൂറില്‍ ഏറ്റ കനത്ത തിരിച്ചടി മറക്കാന്‍ പാകിസ്താന്‍ വ്യാജപ്രചാരണം നടത്തുന്നതായി ഇന്ത്യ. (Operation Sindoor: India says Pakistan is spreading false propaganda) തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ നിരവധി അവകാശവാദങ്ങളുമായി പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ.എസ്.പി.ആര്‍) ആണ് രംഗത്തെത്തിയിരിക്കുന്നത്.
|
പാകിസ്ഥാന് ഇന്ത്യയിലെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ വ്യോമസേന ശ്രീനഗര്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയെന്നുമാണ് അവകാശവാദം. കൂടാതെ ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചു എന്നുതുടങ്ങിയ പ്രചാരണവും നടത്തുന്നുണ്ട്.
ALSO READ: യുദ്ധവിമാനങ്ങള്‍ വീഴ്ത്തി; വെള്ളപ്പതാക ഉയര്‍ത്തി; അവകാശവാദങ്ങളുമായി പാകിസ്താന്‍
എന്നാല്‍, ഇന്ത്യയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ വേണ്ടി പാകിസ്ഥാന്‍ മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പുറത്തുവിടുകയാണെന്ന് വിമര്‍ശിച്ച ഇന്ത്യന്‍ സേന ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഫാക്ട് ചെക്കിങ് സംവിധാനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പാകിസ്താന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി. പാകിസ്ഥാന്‍ സായുധ സേനയുടെ മാധ്യമ, പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ്.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തുകയായിരുന്നു.
ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.





