വരുന്നത് മോദിക്കെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയം; തോല്‍വി ഉറപ്പായിട്ടും പ്രതിപക്ഷം മുന്നോട്ടുപോവുന്നതിന്റെ കാരണം ഇതാണ്
|
ന്യൂഡല്‍ഹി: തോല്‍വി ഉറപ്പായിട്ടും മോദിസര്‍ക്കാരിനെതിരേ യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷമുന്നണിയായ ‘ഇന്ത്യ’. മണിപ്പൂര്‍ കലാപം മുന്‍നിര്‍ത്തി ‘ഇന്ത്യ’ക്ക് വേണ്ടി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയതോടെയാണ്, മോദിക്കെതിരായ രണ്ടാമത്തെ അവിശ്വാസപ്രമേയത്തിന് കളമൊരുങ്ങിയത്.
അസമിലെ കോണ്‍ഗ്രസ് എം.പിയായ ഗാരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. 50 പേരുടെ പിന്തുണയോടെയാണ് ഗൊഗോയ് പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്. എന്ന് അവതരിപ്പിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സഭയില്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ച് സമഗ്രമായ ചര്‍ച്ച നടത്താനും വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ മറുപടി പറയാന്‍ നിര്‍ബന്ധിക്കാനുമാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ഗൗരവ് ഗൊഗോയ്ക്ക് പുറമെ തെലങ്കാന ഭരിക്കുന്ന ബി.ആര്‍.എസിന്റെ നാമ നാഗേശ്വര റാവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
സ്വതതന്ത്ര ഇന്ത്യയിലെ 28 മത്തെ അവിശ്വാസപ്രമേയം
സര്‍ക്കാരിലുള്ള വിശ്വാസമില്ലായ്മ പ്രകടിപ്പിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന പാര്‍ലമെന്ററി ഉപകരണമാണ് അവിശ്വാസ പ്രമേയം. പ്രമേയ അവതരണവും ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് ഭരണകക്ഷിക്ക് വിശ്വാസം നിലനിര്‍ത്താന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ അത് സ്വതതന്ത്ര ഇന്ത്യയിലെ 28 മത്തെ അവിശ്വാസപ്രമേയം ആകും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രണ്ടാമത്തേതും.
ലാല്‍ ബഹദൂര്‍ ശാസ്ത്രി, പി.വി നരസിംഹ റാവു എന്നിവര്‍ മൂന്ന് അവിശ്വാസപ്രമേയങ്ങളാണ് നേരിട്ടത്. മൊറാര്‍ജി ദേശായ്, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ രണ്ടും, ജവഹര്‍ലാല്‍ നെഹ്‌റു, രാജീവ് ഗാന്ധി എന്നിവര്‍ ഒന്ന് വീതവും അവിശ്വാസ പ്രമേയങ്ങള്‍ നേരിട്ടിരുന്നു. പ്രധാനമന്ത്രിമാരായ വി.പി സിംഗ്, എച്ച്.ഡി ദേവ ഗൗഡ, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ സര്‍ക്കാരുകളാണ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് അധികാരത്തില്‍ നിന്നും താഴെയിറക്കപ്പെട്ടവര്‍.
പരാജയം ഉറപ്പായ യുദ്ധം
മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയും ബിആര്‍എസും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഇത് ഇടവരുത്തുമെന്നും ഇതിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്.
എന്നാല്‍ തോല്‍വി ഉറപ്പാണെങ്കിലും പലപ്പോഴും സര്‍ക്കാരിനെതിരായ ഒരു തന്ത്രപരമായ ആയുധമായിട്ടാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം ഉപയോഗിക്കാറുള്ളത്. ഭരണകക്ഷിയെ ചോദ്യം ചെയ്യാനും അവരുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തങ്ങളുന്നയിക്കുന്ന വിഷയത്തില്‍ സഭയില്‍ ചര്‍ച്ച സൃഷ്ടിക്കാനും അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് സാധിക്കും. വര്‍ഷകാല സമ്മേളനം ആരംഭിച്ച ഈ മാസം 20 മുതല്‍ മണിപ്പുര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച പ്രതിപക്ഷ സഖ്യത്തെ ഒന്നിപ്പിക്കാനും അവിശ്വാസ പ്രമേയത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.
നിര്‍ണായക ഘട്ടത്തില്‍ ആരെല്ലാം തങ്ങള്‍ക്കൊപ്പം നില്‍ക്കും, സര്‍ക്കാരിനൊപ്പം നില്‍ക്കും എന്നു വ്യക്തമാകാനും പ്രമേയം സഹായിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷനിരയില്‍ ഐക്യം സൃഷ്ടിക്കാനും ഇതുകൊണ്ട് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
മോദിക്കെതിരായ ഒന്നാമത്തെ അവിശ്വാസ പ്രമേയം
ഏറ്റവും ഒടുവിലായി നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി നേരിട്ട അവിശ്വാസ പ്രമേയം 2018ലായിരുന്നു. അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ മുന്നണി വിട്ട ശേഷമാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 2018ലെ വര്‍ഷകാല സമ്മേളനത്തില്‍ 12 മണിക്കൂര്‍ ചര്‍ച്ച നടന്നു. 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മോദി സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി. 126 എംപിമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 325 എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
272 എംപിമാരുടെ പിന്തുണയാണ് ലോക്‌സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ലോക്‌സഭയില്‍ 331 എംപിമാരുണ്ട്. ബിജെപിക്ക് മാത്രമായി തന്നെ 303 എംപിമാരുണ്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്ക് 144 എംപിമാരാണ് ഉള്ളത്. ബി.ആര്‍.എസ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ അവര്‍ക്ക് ഒമ്പത് എംപിമാരാണ് ഉള്ളത്. അതേസമയം എന്‍ഡിഎക്ക് പുറത്തുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ബിഎസ്പിയും പ്രമേയത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 17 അംഗങ്ങളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിലെ പ്രബലകക്ഷിയാണ്. ഒഡീഷ ഭരിക്കുന്ന ബിജു ജനതാ ദളും സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് സാധ്യത.





