ലോസാഞ്ചലസ്: വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ‘നോ അദര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. (OSCAR 2025: ‘No Other Land’ wins Oscar ) മസാഫര്‍ യാത്ത എന്ന പ്രദേശത്ത് നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ ശ്രമവും അതിനെതിരായ ചെറുത്തുനില്‍പ്പും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററി 2019-2023 കാലത്താണ് ഫലസ്തീനി-ഇസ്രായേലി കളക്ടീവ് ചീത്രീകരിച്ചത്.
|
പുരസ്‌കാരം നല്‍കിയതിന് നിര്‍മാതാക്കള്‍ അക്കാദമിയ്ക്ക് നന്ദി പറഞ്ഞു. താന്‍ അടുത്തിടെ ഒരു പിതാവായെന്നും തന്റെ മകളുടെ ജീവിതം തന്റെ ജീവിതം പോലെയാകരുതെന്നും സഹസംവിധായകന്‍ ബാസല്‍ അദ്ര ചടങ്ങില്‍ പറഞ്ഞു.
”കുടിയേറ്റക്കാരില്‍ നിന്നുണ്ടാകുന്ന അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ തുടങ്ങിയ ഭയത്തിലാണ് എപ്പോഴും മസാഫര്‍ യാത്തയിലെ ജനങ്ങള്‍. ഇസ്രയേലിന്റെ ബലം പ്രയോഗിച്ചുള്ള കടന്നുകയറ്റമാണ് എല്ലാദിവസവും അവിടെ നടക്കുന്നത്. ഫലസ്തീന്‍ ജനത നേരിടുന്ന അനീതിയും വംശീയ ഉന്മൂലനവും തടയാന്‍ ലോകം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫലസ്തീനികളും ഇസ്രായേലികളും ഒരുമിച്ചാണ് ഈ സിനിമ നിര്‍മിച്ചതെന്ന് ചിത്രത്തിന്റെ സഹസംവിധായകും ഇസ്രായേലി മാധ്യമപ്രവര്‍ത്തകനുമായ യുവാല്‍ എബ്രഹാം പറഞ്ഞു. ”ഒരുമിച്ച് നിന്നാല്‍ നമ്മുടെ ശബ്ദം ശക്തമാണ്. ഗസയേയും അവിടത്തെ ജനങ്ങളെയും നശിപ്പിക്കുന്നത് അവസാനിക്കണം. മുഴുവന്‍ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണം. യുഎസിന്റെ വിദേശനയമാണ് സമാധാനത്തിന് തടസം.”- യുവാല്‍ എബ്രഹാം പറഞ്ഞു.
നേരത്തെയും ‘നോ അദര്‍ ലാന്‍ഡ്’ അന്താരാഷ്ട്രവേദികളില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2024ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്‌കാരവും ‘നോ അദര്‍ ലാന്‍ഡ്’ നേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടല്‍ മൂലം ചിത്രത്തിന് യുഎസില്‍ വിതരണക്കാരെ കിട്ടിയിരുന്നില്ല.


