17
Feb 2025
Wed
17 Feb 2025 Wed
Pro-Palestinian graffiti in solidarity with the Palestinians, in Sanaa, Yemen

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് വീണ്ടും ഗസയെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ നോക്കിനില്‍ക്കില്ലെന്ന് യമനിലെ ഹൂത്തി പോരാളികളുടെ മുന്നറിയിപ്പ്. (Our hands are on the trigger; Houthis’ warning to Israel) ”ഗസയ്‌ക്കെതിരായ ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയാല്‍ ഏത് സമയത്തും സൈനിക ഇടപെടലിന് ഞങ്ങള്‍ സജ്ജരാണ്”- ചൊവ്വാഴ്ച്ച് ടെലിവിഷന്‍ വഴി നടത്തിയ പ്രസംഗത്തില്‍ ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ വിരലുകള്‍ എപ്പോഴും തോക്കിന്റെ കാഞ്ചിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിന്റെ ഗസാ ആക്രമണ വേളയിലുടനീളം പടിഞ്ഞാറന്‍ യമന്‍ നിയന്ത്രിക്കുന്ന ഹൂത്തികള്‍ ഇസ്രായേലിനെ വിറപ്പിച്ച് കൊണ്ട് നിരന്തരം ആക്രമണമഴിച്ചുവിട്ടിരുന്നു. 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ ഇസ്രായേല്‍ വാണിജ്യ, യുദ്ധ കപ്പലുകള്‍ക്കു നേരെ നൂറിലേറെ ആക്രമണങ്ങളാണ് ഹൂത്തികള്‍ നടത്തിയത്.

ALSO READ: ശനിയാഴ്ച്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിക്കണം; ഇല്ലെങ്കില്‍ തീവ്ര യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍

എന്നാല്‍, ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന് ധാരണയായതോടെ തങ്ങളും ആക്രമണം പരിമിതപ്പെടുത്തുന്നതായി ഹൂത്തികള്‍ അറിയിച്ചിരുന്നു.

നിലവില്‍ ഇസ്രായേല്‍-ഹമാസ് ധാരണ പൊളിയുമെന്ന നിലയിലാണ്. ഇസ്രായേല്‍ നിരന്തരമായി വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിക്കുന്നതാണ് കാരണം.

തടവുകാരെ കൈമാറുന്നതും ഇസ്രായേല്‍ സൈന്യം ഭാഗികമായി പിന്മാറുന്നതും സഹായ വസ്തുക്കള്‍ എത്തിക്കുന്നതുമാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിലാണ് പൂര്‍ണമായ യുദ്ധ വിരാമം. ഇതിന്റെ വിശദാംശങ്ങളില്‍ ഇനിയും ധാരണയായിട്ടില്ല. മൂന്നാം ഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നത്.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച്ച നിശ്ചയിച്ചിരുന്ന ബന്ദി കൈമാറ്റം ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തിവച്ചതായി തിങ്കളാഴ്ച്ച ഹമാസ് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ട് ശനിയാഴ്ച്ച ഉച്ചയ്ക്കുള്ളില്‍ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗസ നരകമാക്കി മാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആക്രമണം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. എന്നാല്‍, ഭീഷണി കൊണ്ട് കാര്യമില്ലെന്നും അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളുവെന്നുമാണ് ഹമാസ് നേതാവ് സമീ അബൂ സുഹ്രി ഇതിനോട് പ്രതികരിച്ചത്.