തെല്‍ അവീവ്: ഗസയില്‍ വംശഹത്യ പുനരാരംഭിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. (Israel demands release of hostages by Saturday afternoon; otherwise, intense fighting will resume) ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനെതിരെ തീവ്രയുദ്ധം പുനരാരംഭിക്കും.
|
ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കില്‍ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങള്‍’ തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ദ ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മന്ത്രിസഭാ യോഗത്തിനു ശേഷമാണ് നെതന്യാഹുവിന്റെ ഭീഷണി. മുന്‍ നിശ്ചയപ്രകാരമുള്ള ബന്ദികളെ വിച്ചയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:കാസര്‍കോഡ് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂര്‍ സ്വദേശി
ശനിയാഴ്ച്ചയ്ക്കകം ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഇസ്രായേല്‍ സമാധാന കരാര്‍ റദ്ദാക്കണമെന്നും ഗസ നരകമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ബന്ദി മോചനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വടക്കന്‍ ഗസയിലേക്ക് മടങ്ങിവരുന്നവരെ ഇസ്രായേല്‍ ആക്രമിക്കുന്നുവെന്നും സഹായവസ്തുക്കള്‍ എത്താന്‍ അനുവദിക്കുന്നില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഗസയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാത്തപക്ഷം ജോര്‍ദാനും ഈജിപ്തിനുമുള്ള സഹായം തടഞ്ഞുവയ്ക്കുമെന്ന് ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പാണ് ഭീഷണി.
അതേസമയം, ഭീഷണിയുടെ ഭാഷകൊണ്ട് പ്രയോജനമില്ലെന്നായിരുന്നു ഇതിനോട് ഹമാസിന്റെ പ്രതികരണം. ട്രംപിന്റെ അന്ത്യശാസനത്തോടെ മൂന്നാഴ്ച മുമ്പ് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ തകരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.


