ഗസാ വംശഹത്യയുമായി ബന്ധപ്പെട്ട റിപോര്‍ട്ടിങില്‍ പക്ഷപാതപരമായി ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് 100ലേറെ ബിബിസി ജീവനക്കാര്‍. (Over 100 BBC employees accuse network of pro-Israel bias in Gaza genocide coverage) ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവീ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡിബോറ ടേണസ് എന്നിവര്‍ക്കയച്ച കത്തിലാണ് ആരോപണം.
|
ഇസ്രായേലിന് അനുകൂലമായി വാര്‍ത്തകള്‍ നിര്‍മിക്കുന്നുവെന്നും മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്. 230ലേറെ പേര്‍ ഒപ്പിട്ട കത്തില്‍ 100ലേറെ പേര്‍ ബിബിസി ജീവനക്കാരാണ്. മറ്റു മീഡിയ പ്രൊഫഷനലുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, നടന്മാര്‍, ബുദ്ധീജിവകള്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഇത്തരം റിപോര്‍ട്ടുകളുടെ പ്രത്യാഘാതം വലുതാണ്. ടെലിവിഷന്‍ റിപോര്‍ട്ട്, ലേഖനങ്ങള്‍, റേഡിയോ അഭിമുഖങ്ങള്‍ എന്നിവ ഇസ്രായേലിന്റെ അവകാശ വാദങ്ങള്‍ ഒട്ടും ചോദ്യം ചെയ്യാതെയാണ് പബ്ലിഷ് ചെയ്യുന്നത്. ഇത്തരം റിപോര്‍ട്ടുകള്‍ ഫലസ്തീനികളെ ആസൂത്രിതമായി പൈശാചികവല്‍ക്കരിക്കുന്നു-കത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഫണ്ടിങോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമമെന്ന നിലയിലുള്ള ബിബിസിയുടെ ഉന്നത നിലവാരത്തിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗസാ യുദ്ധ റിപോര്‍ട്ടിങ് സ്ഥാപനത്തിന്റെ പക്ഷപാത രഹിതമായ നിലപാടും സ്വതന്ത്ര സ്വഭാവവും ചോദ്യം ചെയ്യപ്പെടുന്ന രൂപത്തിലുള്ളതാണെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
പുറത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ ഇസ്രായേല്‍ ഗാസയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന കാര്യം ബിബിസി റിപോര്‍ട്ടുകളില്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്ക് തെളിവുകളില്ലാത്ത സന്ദര്‍ഭങ്ങളില്‍ അക്കാര്യവും വ്യക്തമാക്കി പറയേണ്ടതുണ്ട്. അഭിമുഖങ്ങളില്‍ ഇസ്രായേലി സര്‍ക്കാര്‍, സൈനിക പ്രതിനിധികള്‍ തുടങ്ങിയവരുടെ വാദങ്ങള്‍ കൃത്യമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.


